കൈകൊണ്ട് മീൻ പിടിച്ച് ശ്രദ്ധേയയായി; യൂട്യൂബർ ‘തംബുരു ക്വീൻഫിഷ‍ർ’ ആത്മഹത്യ ചെയ്ത നിലയിൽ

malayalampress
1 Min Read

വൈക്കം: ‘തംബുരു ക്വീൻ ഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയ കെ കെ തംബുരു(36)വിനെ വാടക വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവടിലെ വാടക വീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം സ്കൂൾ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് വീടിനുള്ളിൽ തംബുരുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട് വീട്ടിലെത്തിച്ച് സംസ്കരിച്ചു.

ചെളിയിലും കല്ലിടുക്കുകളിലും കൈകൾ കൊണ്ട് തപ്പി മീൻ പിടിക്കുന്ന തംബുരുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ, കേരളത്തിന് പരിചിതമായത് ഒരു അപൂർവ മത്സ്യബന്ധന രീതിയായിരുന്നു. തലമുറകളായി കുടുംബത്തിൽ തുടർന്നു വന്ന മീൻപിടിത്തം തന്നെയായിരുന്നു തംബുരുവിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയതും. പത്താം ക്ലാസ് പഠനത്തിന് ശേഷം അമ്മയ്ക്കൊപ്പം മീൻപിടിത്തത്തിനിറങ്ങിയ അവർ, അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഇളയ സഹോദരങ്ങളുടെ പഠനം പൂർത്തിയാക്കിയതും.

ജീവിതച്ചെലവിനായി തൊഴിലുറപ്പ് ജോലിയും ഡ്രൈവിങ് സ്കൂളിലെ ജോലിയും വസ്ത്ര നിർമാണ യൂണിറ്റിലെ ജോലിയും ചെയ്തിരുന്നെങ്കിലും, കുടുംബത്തിന്റെ പരമ്പരാഗത മത്സ്യബന്ധനം തംബുരു കൈവിട്ടില്ല. വേലിയേറ്റ സമയത്ത് വഞ്ചിയിൽ കായലിലിറങ്ങി വലയോ ചൂണ്ടയോ ഇല്ലാതെ കൈകൾ കൊണ്ട് ചെളിയിലും കല്ലിടുക്കുകളിലും തിരഞ്ഞ് മീൻ പിടിക്കുന്നതായിരുന്നു അവരുടെ രീതി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!