ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയുമായി കേരള സർവകലാശാല

malayalampress
1 Min Read

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ്. സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  പ്രബന്ധത്തിലെ ക്രമക്കേടുകള്‍  പ്രാഥമികമായി പരിശോധിക്കുവാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചത്.

പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടും മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടാല്‍  പിഎച്ച്ഡി ബിരുദം സസ്‌പെന്‍ഡ് ചെയ്ത് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ശശികുമാര്‍  വിസിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് ചിന്താ ജെറോം തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാല പിഎച്ച്ഡി ബിരുദം നല്‍കിയത്. കേരള സര്‍വകലാശാല മുന്‍ പിവിസി ഡോ. പി.പി. അജയകുമാറിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്.

മലയാള സിനിമയെയും അതിലെ പ്രമുഖ താരങ്ങളെയും അധികരിച്ച് തയ്യാറാക്കിയ പ്രബന്ധം തമിഴ്‌നാടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ  പ്ര‌ഫസര്‍മാര്‍ക്ക്  മൂല്യ നിര്‍ണയത്തിന് അയച്ചത് ദുരൂഹമാണെന്നും പ്രബന്ധത്തിലെ ആശയങ്ങളും രചനയും മറ്റ്  പ്രസിദ്ധീകരണങ്ങളില്‍നിന്നു പകര്‍ത്തിയിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!