സമ്മാനക്കൂപ്പണിൽ സ്വർണം: കൂപ്പൺ മാറിപ്പോയെന്ന് ഷോറൂം ജീവനക്കാർ, തിരികെ വാങ്ങി; കിട്ടിയത് ട്രോളി ബാഗ്

News Desk
1 Min Read

തൃശ്ശൂർ: ഷോറൂമിൽ ചെന്ന് പുത്തൻ കാറുവാങ്ങി, ഒപ്പംകിട്ടിയ കൂപ്പൺ ഉരച്ചുനോക്കിയ കുടുംബം സന്തോഷംകൊണ്ട് തുള്ളിച്ചാടി- എട്ട് ഗ്രാം സ്വർണം സമ്മാനം! എന്നാൽ, ആ സന്തോഷം അധികം നീണ്ടുനിന്നില്ല. ലഭിച്ചത് സ്വർണമാണെന്നറിഞ്ഞപ്പോൾ കൂപ്പൺ മാറിപ്പോയെന്നുപറഞ്ഞ് ഷോറൂം അധികൃതർ അത് തിരികെ വാങ്ങി.

തൃശ്ശൂർ സ്വദേശിയായ വർഗീസിനാണ് കാർ ഷോറൂം ജീവനക്കാരിൽനിന്ന് ഇത്തരമൊരു ദുരനുഭവമുണ്ടായത്. പാലക്കാട് എ.എം. മോട്ടോഴ്സിൽനിന്നാണ് വർഗീസ് കാർ വാങ്ങിയത്. വാഹനം വാങ്ങിയതിന്റെ ഭാഗമായാണ് സ്ഥാപനത്തിലെ ജീവനക്കാർ സമ്മാനക്കൂപ്പൺ കൈമാറിയത്.

ഷോറൂമിൽവെച്ചുതന്നെ വർഗീസ് ‘സ്ക്രാച്ച് ആൻഡ് വിൻ’ കൂപ്പൺ പരിശോധിച്ചു. ലഭിച്ച സമ്മാനം കണ്ടപ്പോൾ വർഗീസിന്റെ കണ്ണുതള്ളി; എട്ടു ഗ്രാം സ്വർണമായിരുന്നു സമ്മാനം. സ്വർണമാണെന്നു കണ്ടതോടെ ഷോറൂം ജീവനക്കാർ നയം മാറ്റി. കൂപ്പൺ മാറിപ്പോയെന്നും ഇത് നിങ്ങൾക്കുള്ളതല്ലെന്നും പറഞ്ഞ് തിരികെ വാങ്ങുകയായിരുന്നു.

നൽകിയ കൂപ്പണിന് സമ്മാനമടിച്ചെന്നു കണ്ടപ്പോൾ തിരികെ വാങ്ങിയതിനെതിരെ പരാതിയുമായി മുന്നോട്ടുപോകുകയാണ് വർഗീസ്. എട്ടുഗ്രാം സ്വർണം അടിച്ച കൂപ്പണിനുപകരമായി മറ്റൊരു കൂപ്പണാണ് പിന്നീട് നൽകിയത്. ഇതിൽ ട്രോളിബാഗ് ആയിരുന്നു സമ്മാനം. എന്നാൽ, ആദ്യം ലഭിച്ച സമ്മാനം തന്റെ അവകാശമാണെന്നും സ്വർണം നൽകാൻ കഴിയില്ലെങ്കിൽ അതിന്റെ പകുതി തുകയെങ്കിലും നൽകണമെന്നുമാണ് വർഗീസിന്റെ ആവശ്യം. എന്നാൽ, അതിനും ഷോറൂം അധികൃതർ തയ്യാറായില്ല.

കൂപ്പൺ മാറിപ്പോയതാണെന്നും ഉപഭോക്താവുമായി സംസാരിച്ച് സമവായത്തിലെത്താൻ ശ്രമിച്ചെന്നുമാണ് ഷോറൂം അധികൃതരുടെ വിശദീകരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!