സഊദിയില്‍ ഹൂതി ആക്രമണങ്ങളില്‍ 13 പേര്‍ക്ക് പരുക്ക്; രാജ്യത്തെ വിവിധ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

News Desk
1 Min Read

റിയാദ്: യമനിലെ ഹൂതി വിമതര്‍ സഊദിയില്‍ നടത്തിയ ആക്രമണങ്ങളില്‍ 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഏഴ് വീടുകള്‍ക്കും രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാല്‍ക്കി അറിയിച്ചതാണ് ഇക്കാര്യം.

ആക്രമണം സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ അബഹ, ജിദ്ദ, ജിസാന്‍, തായിഫ്, യാന്‍ബു, മക്ക, അല്‍-ഉല എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍-തെക്കന്‍ പ്രദേശങ്ങളില്‍ സഊദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു.

ഭീകരവാദികളായ ഹൂതി വിമതര്‍ സഊദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വാസസ്ഥലങ്ങളെയും ലക്ഷ്യമാക്കി ക്രൂരവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ തുടരുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഇത്തരം ആക്രമണങ്ങള്‍ കാരണമാകുമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. സാധാരണക്കാരെയും അവരുടെ വാസസ്ഥലങ്ങളെയും ലക്ഷ്യമിടാനുമുള്ള ഹൂതി വിമതരുടെ തീവ്രവാദപരമായ നിലപാടിനെയും ആശയഗതിയെയുമാണ് ഇത് കാണിക്കുന്നത്. ആക്രമണങ്ങളെ തങ്ങളുടെ സംയുക്ത സേന നേരിടുമെന്നും തുര്‍ക്കി അല്‍-മാല്‍ക്കി പറഞ്ഞു.

കഴിഞ്ഞാഴ്ച സഊദി അറേബ്യയിലെ വിവിധ പട്ടണങ്ങളിലും നഗരങ്ങളിലും വിമതര്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70-ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. തിങ്കളാഴ്ച ഖാമിസ് മുഷൈത്, അബഹ, തായിഫ് എന്നിവിടങ്ങളിലെ സാധാരണക്കാരുടെ വാസസ്ഥലങ്ങള്‍ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിരുന്നു. റിയാദ്, മദീന മേഖലകളിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന്, കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്ലൈന്‍ വെള്ളിയാഴ്ച താത്ക്കാലികമായി അടക്കുകയും ചെയ്തു.

സഊദി മന്ത്രിസഭ അപലപിച്ചു
രാജ്യത്തെ സാധാരണക്കാരെയും അവരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഹൂതി വിമതര്‍ തുടരുന്ന ക്രിമിനല്‍ സ്വഭാവമുള്ളതും ആസൂത്രിതവുമായ ആക്രമണങ്ങളെ ജിദ്ദയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അപലപിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ പരമാധികാരം, പൗരന്മാര്‍, താമസക്കാര്‍, സുപ്രധാന താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കാനുള്ള അവകാശം മന്ത്രിസഭ ആവര്‍ത്തിച്ചു.
…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!