മുഖ്യമന്ത്രിയുടെ എഐ വീഡിയോ നീക്കം ചെയ്ത സംഭവം: മെറ്റയുടെ നടപടി പോലീസ് അപേക്ഷയിൽ

News Desk
1 Min Read

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കെഎസ്ഇബി എഐ ആക്ഷേപ ഹാസ്യ ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തത് പൊലീസ് നൽകിയ അപേക്ഷയിൽ. നാൽപതിലധികം വീഡിയോകൾ നീക്കം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വീഡിയോയ്ക്ക് എതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്നാണ് നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടത്

ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വീഡിയോ എന്നത് ചൂണ്ടിക്കാണിച്ചാണ് നീക്കം ചെയ്തത്. വീഡിയോ നിർമ്മിച്ച എഐ കവല എന്ന പേജിൽ ഇന്ത്യയിൽ ഉള്ളവർക്ക് വീഡിയോ കാണാൻ കഴിയില്ല. വിദേശരാജ്യങ്ങളിൽ നിന്ന് വീഡിയോ കാണാൻ കഴിയും. റീച്ച് യു എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയാണ് വീഡിയോ നിർമ്മിച്ചത്.

സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു എഐ വീഡിയോ പുറത്തിറങ്ങിയത്. മുഖ്യമന്ത്രി ഡാൻസ് കളിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. മോഹൻലാലിനെക്കാളും തമിഴ്നാട് മുഖ്യമന്ത്രി വിജയിയെക്കാളും നന്നായി താൻ ഡാൻസ് ചെയ്യുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

”സംഗീതം, നൃത്തം തുടങ്ങി എല്ലാം സൃഷ്ടിക്കാൻ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) കഴിയും. പുതിയ സാങ്കേതികവിദ്യയുടെ സൃഷ്ടികളെ നമുക്ക് എങ്ങനെ നിയമത്തിൽ വ്യാഖ്യാനിക്കാൻ കഴിയും? ഇന്ന് ഞാൻ രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു.ഞാൻ അത്ഭുതപ്പെട്ടുപോയി. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി. ആ തരത്തിലാണ് ആളുകൾ എഐ ഉപയോഗിച്ച് പലതും ഉണ്ടാക്കുന്നത്” എന്നാണ് വി.ഡി സതീശൻ പറഞ്ഞത്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!