ന്യൂഡൽഹി: ഡൽഹിയിലെ സ്വരൂപ് നഗറിൽ ഫാക്ടറിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് പരിഭ്രാന്തരായി സമീപത്തെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ ആറ് പേർക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
സ്വരൂപ് നഗറിലെ ഗോഡൗണും ഫാക്ടറിയും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീ പടർന്നത്. തീയും പുകയും ഉയരുന്നത് കണ്ടതോടെ സമീപത്തെ കെട്ടിടത്തിൽ താമസിച്ചിരുന്നവർ പരിഭ്രാന്തരായി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചിലർ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയിൽ ആറ് പേർക്ക് പരിക്കേറ്റു.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷാപ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾക്കൊപ്പം സമീപത്തെ ആളുകളുടെ സുരക്ഷയും അധികൃതർ ഉറപ്പാക്കി. കായിക ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ജുഡോ വസ്ത്രങ്ങളും ബോക്സിങ് ഗ്ലൗസുകളും നിർമിക്കുന്ന ഫാക്ടറിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിൽ കെട്ടിടത്തിന് ഉണ്ടായ നാശനഷ്ടങ്ങളും തീ പടർന്നതിന്റെ സാഹചര്യങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
