മുംബൈ: നടി അനന്യ രാജിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. ഒരു മാസത്തിന് ശേഷമാണ് മരണവിവരം അനന്യയുടെ കുടുംബം പുറത്തുവിട്ടത്. 27 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന്റെ വിയോഗം.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ നടി നേരിട്ടിരുന്നതായി അനന്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെ കുടുംബം അറിയിച്ചു. ജൂലൈ 15ന് പുലർച്ചെയാണ് മരണപ്പെട്ടതെന്ന് കുറിപ്പിൽ പറയുന്നു.
ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിസന്ധികളോട് ശക്തമായി പോരാടിയ വ്യക്തിയായിരുന്നു അനന്യയെന്നും ഈ ദുഃഖസമയത്ത് സ്വകാര്യത മാനിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. “അവളെ ഒരു പോരാളിയെപ്പോലെയാണ് ഓർക്കുന്നത്. ഒരു രാജ്ഞിയെപ്പോലെ ജീവിച്ചു. കുട്ടീ, നിന്റെ അഭാവം ഞങ്ങളെ ഏറെ വേദനിപ്പിക്കും. അവളുടെ ആത്മാവിനായി പ്രാർത്ഥിക്കണമെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു”- കുറിപ്പിലൂടെ കുടുബം അറിയിച്ചു.
മുംബൈയിൽ ജനിച്ച അനന്യ രാജ് 2016ൽ പുറത്തിറങ്ങിയ ‘7 ഹവേഴ്സ് ടു ഗോ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘ദി ഫൈനൽ എക്സിറ്റ്’ (2017), വിക്രം ഭട്ടിന്റെ ‘ഗോസ്റ്റ്’ (2019) എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തെലുങ്ക് ചിത്രമായ ‘തഗ്ഗെഡേ ലെ’, മൂന്ന് ഭാഷകളിലായി പുറത്തിറങ്ങിയ ‘മദ്രാസി ഗാങ്’ എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
