ഓണവിൽപ്പനയ്ക്കായി വന്‍ ലഹരിക്കടത്ത്; മൂന്നുപേര്‍ പിടിയിൽ

News Desk
1 Min Read

പാലക്കാട്: പാലക്കാട് വൻലഹരി ശേഖരവുമായി മൂന്ന് പേർ പിടിയിൽ. ഒലവക്കോട് തിങ്കൾ പുലർച്ചെയോടെയായിരുന്നു നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധന. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക, ദക്ഷിണ കന്നഡ സ്വദേശി ബി ഫാത്തിമ (27) എന്നിവരാണ് അറസ്റ്റിലായത്.

ഒരു കിലോഗ്രാമോളം എംഡിഎംഎയും, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഓണക്കാലത്ത് വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു ലഹരിവസ്തുക്കൾ. കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി ലഹരിസംഘത്തിന് പിന്നാലെയായിരുന്നു പൊലീസ്. റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി വന്നിറങ്ങിയ ഒരാളിൽ നിന്നാണ് പ്രധാന ലഹരിക്കടത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന്, ലഹരിസംഘത്തിന് പണം നൽകുന്ന പ്രധാന സാമ്പത്തിക സ്രോതസ്സായ വ്യക്തിയെ ഞായറാഴ്ച രാത്രി ഒലവക്കോട് താണാവ് ഭാഗത്ത് ആഡംബര കാറിലെത്തിയപ്പോൾ ഡാൻസാഫ് ടീം വാഹനം തടഞ്ഞ് പിടികൂടി. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മൂന്നം​ഗ സംഘത്തെ പിടികൂടിയത്.

തമിഴ്‌നാട്ടിലെ കുനിയമ്പുത്തൂർ ഭാഗത്തുനിന്ന് തന്നെ ലഹരിക്കടത്ത് സംഘത്തിന്റെ വാഹനത്തെ പൊലീസ് പിന്തുടർന്നു. ഇത് മനസ്സിലാക്കിയ സംഘം വേലന്താവളം വഴി ചിറ്റൂരിലൂടെ റൂട്ട് മാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഒലവക്കോട് ജംഗ്ഷനിൽ വെച്ച് പൊലീസ് തടയുകയായിരുന്നു. നിർത്താതെ മുന്നോട്ട് നീങ്ങിയ സംഘത്തെ പൊലീസ് വാഹനം കുറുകെയിട്ടാണ് കീഴ്പ്പെടുത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article