മൈസൂരു: കൃഷിഭൂമിയും സ്വന്തമായി വരുമാനവും ഉണ്ടെങ്കിലും വിവാഹം കഴിക്കാൻ പെണ്ണുകിട്ടുന്നില്ലെന്ന് കാണിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം നൽകി യുവാവ്. കർണാടക പെരിയപട്ടണയിൽ നടന്ന പ്രജാസേവ പരിപാടിക്കിടെയാണ് ശിവകുമാർ എന്ന യുവാവ് നിവേദനം നൽകി സങ്കടം പറഞ്ഞത്.
വിവാഹം കഴിക്കാത്ത 35നും 40നും ഇടയിൽ പ്രായമുള്ള നിരവധി യുവാക്കൾ ഗ്രാമങ്ങളിൽ ഉണ്ടെന്നും പെൺവീട്ടുകാർ മുൻഗണന നൽകുന്നത് സർക്കാർ ജോലി ചെയ്യുന്നവരെയാണെന്നും കർഷകരെ ആർക്കും വേണ്ടെന്നും നിവേദനത്തിൽ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും പരാതിയിലുണ്ട്.
നിവേദനം കേട്ട് വേദിയിലുണ്ടായിരുന്നവർ ചിരിച്ചെങ്കിലും, ഇത് തമാശയായി കാണരുതെന്ന് യുവാവ് അഭ്യർഥിച്ചു. എന്നാൽ മുഖ്യമന്ത്രി വിഷയം ഗൗരവമായി തന്നെ എടുക്കുകയും യുവാവിനോട് പേര് ചോദിച്ചറിയുകയും യുവാക്കൾക്കായി കൊണ്ടുവരുന്ന പദ്ധതിക്ക് താങ്കളുടെ പേര് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരിയപട്ടണയിൽ നടന്ന പരിപാടിയിൽ ലഭിച്ച 1,400ഓളം നിവേദനങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് തഹസിൽദാർ നിസർഗ പ്രിയ അറിയിച്ചു. കർണാടകയിൽ കർഷകരായ യുവാക്കൾക്ക് പെണ്ണുകിട്ടാത്ത വിഷയം ഇതിനുമുമ്പും വാർത്തകളിൽ ഇടംനേടിയിരുന്നു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
