മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി

News Desk
2 Min Read

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്നു പറഞ്ഞു നടത്തിയതു കോടികളുടെ തട്ടിപ്പും ചട്ടലംഘനവുമെന്നു കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.

അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ (അന്നത്തെ മൂല്യം 126 കോടി രൂപ) നൽകിയെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുമ്പോൾ, പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ല. എന്തിന്, എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിൽ കരാർ ഒപ്പുവച്ചതിന്റെയോ സ്പോൺസറും സർക്കാരും തമ്മിൽ കരാറുള്ളതിന്റെയോ പോലും രേഖകൾ ഇല്ല.

വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ കൂടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് മന്ത്രി ഒ.ജെ.ജനീഷിനു നൽകിയത്. ഇതു തുടർനടപടികൾക്കായി മുഖ്യമന്ത്രിക്കു കൈമാറി.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴി പണം കൈമാറ്റം നടത്താനാണു സ്പോൺസർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയത്. ഈ ഏജൻസി യു എസിൽ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം നേരിടുന്നവരാണെന്നു റിപ്പോർട്ടിൽ പറയുന്നു.

വിദേശത്തേക്കു പണം അയയ്ക്കാൻ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി നേടിയെടുത്ത സ്പോൺസർ പിന്നീട് പണം കൈമാറിയതിന്റെ രേഖകളൊന്നും സർക്കാരിനു സമർപ്പിച്ചിട്ടില്ല. അർജന്റീന ടീമിന്റെ സന്ദർശനം നീണ്ടതോടെ കരാർ ലംഘനത്തിന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ 2 തവണ നോട്ടിസ് അയച്ചിരുന്നു.

അതേസമയം, അർജന്റീന ടീമിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതെയാണു കൊച്ചിയിൽ പ്രദർശന മത്സരം നടക്കുന്നതായി കേരളം കേന്ദ്രത്തിനു കത്തെഴുതിയതും പണം കൈമാറാൻ അനുമതി നേടിയെടുത്തതും. 126 കോടി പണം കൈമാറ്റത്തിൽ 22.68 കോടി സേവനനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് സ്പോൺസർക്ക് അടുത്തിടെ സമൻസ് അയച്ചിരുന്നു.

എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായികമന്ത്രിയുടെ ഓഫിസ് നടത്തിയ ഇ–മെയിലുകൾ മാത്രമാണ് സർക്കാർ രേഖകളിലുള്ളത്. 2 വർഷത്തിനുശേഷം ഇവ ഫയലിൽ ചേർക്കാൻ കായികവകുപ്പിനു കൈമാറുകയായിരുന്നു.

അർജന്റീന ടീമിനെ കൊണ്ടുവരാൻ തയാറാണെന്നും അതിന് മുഴുവൻ സാമ്പത്തിക സഹായം നൽകാമെന്നും അറിയിച്ച് കളമശ്ശേരി ആസ്ഥാനമായ ഗോട്ട് ആഡ് ഗ്ലോബൽ എന്ന സ്ഥാപനമാണ് 2023 ജൂലൈയിൽ‍ സർക്കാരിന് ആദ്യ കത്തയച്ചത്. അതിന് 20 ദിവസം മുൻപു മാത്രമാണ് ഈ സ്ഥാപനം റജിസ്റ്റർ ചെയ്തതെന്നും ഒരു ലക്ഷം രൂപ മാത്രമായിരുന്നു അന്നു മൂലധനമെന്നും സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് സ്പോൺസറായെത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അതേ മേൽവിലാസമാണ് ആദ്യത്തെ സ്ഥാപനത്തിനെന്നും റിപ്പോർട്ടിലുണ്ട്. ടെ‍ൻഡറില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ കണ്ടെത്തിയതിലെ വീഴ്ചയും പരാമർശിക്കുന്നുണ്ട്.

അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാനെന്ന പേരിൽ മുൻകായികമന്ത്രി വി.അബ്ദുറഹിമാൻ 2024 സെപ്റ്റംബറിൽ അന്നത്തെ കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ പി.വിഷ്ണുരാജ് എന്നിവർക്കൊപ്പം ഒരാഴ്ചയോളം സ്പെയിനിൽ പര്യടനം നടത്തി. എന്നാൽ, എഎഫ്എ ക്ഷണിച്ചതിന്റെ രേഖകളൊന്നും സർക്കാരിന്റെ കൈവശമില്ല. ആരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയതെന്നും വ്യക്തമായിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article