‘കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി, കത്തി കഴുത്തിൽ വച്ച് ബലാത്സംഗം; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി’

News Desk
2 Min Read

ന്യൂഡൽഹി: ഡൽഹി കൽക്കാജിയിലെ ആസ്ത കുഞ്ച് പാർക്കിൽ പൊലീസുകാരെന്ന വ്യാജേനയെത്തിയ മൂന്ന് പേർ ചേർന്ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്.

പെൺകുട്ടിയേയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി അമ്മയെ വിളിക്കുമെന്ന് പറഞ്ഞ പ്രതികളോട്, വീട്ടിൽ പറഞ്ഞിട്ടാണ് വന്നതെന്നും വേണമെങ്കിൽ അമ്മയെ വിളിച്ചോളാനും പെൺകുട്ടി പറഞ്ഞതോടെയാണ് ഇവർ ആയുധങ്ങൾ കാട്ടി ക്രൂരതയ്ക്ക് മുതിർന്നത്. അമ്മ ജോലിക്ക് പോയ സമയത്ത് കൽക്കാജിയിലെ ക്ഷേത്രത്തിൽ പോവുകയാണെന്ന് മൂത്ത സഹോദരിയോട് പറഞ്ഞാണ് പെൺകുട്ടിയും 17 വയസ്സുകാരനായ സുഹൃത്തും വൈകിട്ട് പുറത്തിറങ്ങിയത്.

കൽക്കാജി ക്ഷേത്ര ദർശനത്തിനു ശേഷം അടുത്തുള്ള ഇസ്‌കോൺ ക്ഷേത്രത്തിലേക്ക് പോകുന്നതിനു മുൻപുള്ള ഇടവേളയിലാണ് ഇവർ വിശ്രമിക്കാനായി ആസ്ത കുഞ്ച് പാർക്കിൽ കയറിയത്. വൈകിട്ട് 7 മണിയോടെ പാർക്കിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് മൂന്ന് പേർ വരികയായിരുന്നു.

‘‘അവർ പെട്ടെന്ന് വന്ന് എന്റെ സുഹൃത്തിനെ മർദിച്ചു. തങ്ങൾ പൊലീസുകാരാണെന്നും ഇവിടെ ഇരിക്കാൻ അനുവാദമില്ലെന്നും പറഞ്ഞു. തുടർന്ന് സുഹൃത്തിന്റെ മൊബൈൽ ഫോൺ വാങ്ങി അവനെ പാർക്കിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. രണ്ടുപേർ എന്നെ നിർബന്ധിച്ച് കുറ്റിക്കാട്ടിലേക്ക് വിളിച്ചു. പേടിച്ചുപോയ ഞാൻ എന്ത് ചോദിക്കാനുണ്ടെങ്കിലും ഇവിടെ വച്ച് ചോദിക്കാനും അമ്മയോട് ഫോണിൽ സംസാരിക്കാനും അവരോട് ആവശ്യപ്പെട്ടു. ഇതോടെ അവർ മൂന്നാമനെ വിളിക്കുകയും ‘ആസിഫ് ഭായ് തോക്കെടുക്കൂ’ എന്ന് പറയുകയും ചെയ്തു. അവൻ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് പിസ്റ്റൾ പുറത്തെടുത്തു’’– എഫ്ഐആർ പ്രകാരം പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

തുടർന്ന് മറ്റ് രണ്ടുപേർ കത്തികൾ പുറത്തെടുത്ത് പാർക്കിന്റെ ഇരുണ്ട ഭാഗത്തേക്ക് കൊണ്ടുപോയി. ആസിഫ് കഴുത്തിൽ കത്തിവെച്ച് തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു. പിന്നീട് മറ്റ് രണ്ടുപേരും കത്തി കാട്ടി പെൺകുട്ടിയെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതികൾ കോണ്ടം ഉപയോഗിച്ചതായും മൊഴിയിലുണ്ട്. ക്രൂരതയ്ക്ക് ശേഷം വസ്ത്രങ്ങളും ഫോണും തിരികെ നൽകിയ പ്രതികൾ, വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പാർക്കിനു പുറത്താക്കി. പാർക്കിനു പുറത്തെത്തിയ ഉടൻ പെൺകുട്ടി സുഹൃത്തിനോട് വിവരം പറയുകയും പൊലീസ് കൺട്രോൾ റൂമിൽ ‌‌വിളിച്ച് അറിയിക്കുകയുമായിരുന്നു.

പ്രതികളിലൊരാളായ ആസിഫിന്റെ പേരും മറ്റ് രണ്ടുപേരുടെ വിളിപ്പേരുകളും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രത്യേകതകളും പെൺകുട്ടി കൃത്യമായി ഓർത്തു വച്ചിരുന്നു. ഇതാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിൽ ചൊവ്വാഴ്ച ഏറ്റുമുട്ടലിലൂടെ ആസിഫിനെയും, പിന്നാലെ ശ്രീനിവാസ്പുരി സ്വദേശികളായ ഹേമന്ത്, മുകേഷ് എന്നീ സഹോദരന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ബലാത്സംഗം, ആക്രമണം, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് പുറമെ പോക്സോ നിയമപ്രകാരവും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!