കീവ്: തെക്കുകിഴക്കൻ യുക്രെയ്നിലെ സപോറീഷ്യയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം. ഇതിനു പിന്നാലെ തലസ്ഥാനമായ കീവിൽ ഉഗ്രസ്‌ഫോടനങ്ങൾ മുഴങ്ങി.
കീവിൽ നടന്നത് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുക്രെയ്ൻ നഗരങ്ങൾക്ക് നേരെ റഷ്യ മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. വടക്കൻ കൊറിയയുടെ കൂടുതൽ പിന്തുണയോടെ റഷ്യ തങ്ങളുടെ യുദ്ധസന്നാഹം വർധിപ്പിക്കുകയാണെന്ന് യുക്രെയ്ൻ മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് പുതിയ ആക്രമണം.
സപോറീഷ്യ റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ ഇവാൻ ഫെഡോറോവ് പറഞ്ഞു. മിസൈലുകൾ എത്തുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക മുന്നറിയിപ്പ് വന്നതിനു തൊട്ടുപിന്നാലെ, അർധരാത്രിക്ക് ശേഷം കീവിൽ തുടർച്ചയായ ഉഗ്രസ്‌ഫോടനങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
തലസ്ഥാനം കടുത്ത ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിലാണെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സ്‌ഫോടന ശബ്ദം കേൾക്കുന്നതിനു തൊട്ടുമുൻപ് നഗരത്തിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. സപോറീഷ്യയിൽ റഷ്യൻ സൈന്യം വ്യവസായ ശാലകളെയും അടിസ്ഥാന സൗകര്യങ്ങളെയുമാണ് ലക്ഷ്യം വച്ചത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
റഷ്യ കൂടുതൽ വടക്കൻ കൊറിയൻ സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുകയാണെന്നും പുതിയ ബാലിസ്റ്റിക് മിസൈലുകൾ കൈപ്പറ്റിയിട്ടുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു. യുഎസ് പാട്രിയറ്റ് ഉൾപ്പെടെയുള്ള പ്രത്യേക വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് മാത്രം പ്രതിരോധിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളാണ് റഷ്യ ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
