പ്രേംകുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, ജി. വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടിക്കലകൾ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിലേക്ക് എത്തുന്നത്. നടൻ പ്രേം കുമാറിനെ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി തിരഞ്ഞെടുത്തു. ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻകൂടിയാണ് പ്രേംകുമാർ.

ജി. വേണുഗോപാൽ കേരള സംഗീത നാടക അക്കാദമി ചെയർമാനാകും. ഹേമന്ത്കുമാർ വൈസ് ചെയർമാനും പ്രദീപ്കുമാർ എൻ.വി സെക്രട്ടറിയുമാകും. സംവിധായകൻ ആലപ്പി അഷ്റഫാണ് KSFDC വൈസ് ചെയർമാൻ. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര മേഖലയിലെ സംഘാടകനുമായ എം. രഞ്ജിത്തിനെ നിയമിച്ചു. കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ബോർഡ് നേതൃത്വം നൽകും.

കേരള ഫോക്‌ലോർ അക്കാദമിയുടെ ചെയർമാനായി നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ സ്ഥാനമേൽക്കും. ഗോത്രവിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ. അക്കാദമിയുടെ മുൻ സെക്രട്ടറിയായിരുന്ന പ്രദീപ്കുമാർ എം. പയ്യന്നൂർ പുതിയ മെമ്പർ സെക്രട്ടറിയായി ചുമതലയേൽക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പ്രമുഖ മലയാളം-തമിഴ് നടനും രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ നിയോഗിച്ചിരുന്നു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ. നടൻ സലിം ഹസ്സൻ, യുവ സംവിധായകൻ ജോഫിൻ.ടി.ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!