തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനാൽ നാളെ (ആഗസ്റ്റ് 3) പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചത്. നേരത്തേ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കു മാറ്റമില്ല.
നാളെ 10 ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-26) അവധി പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-26) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
