ഗൾഫ് ഡസ്ക്: സഊദി അറേബ്യയിൽ “അമേരിക്കൻ, യൂറോപ്യൻ” ഉൽപ്പന്നങ്ങളായി വിൽക്കപ്പെടുന്ന ചൈനീസ് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി സഊദി നിക്ഷേപകൻ. യുഎഇയിലെ ജെബൽ അലി തുറമുഖം വഴി ഉൽപ്പന്നങ്ങളുടെ country of origin എങ്ങനെ കൃത്രിമമായി മാറ്റപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എയർ കണ്ടീഷനിംഗ് മേഖലയിലെ നിക്ഷേപകനും ഫെഡറേഷൻ ഓഫ് സഊദി ചേംബേഴ്സിലെ നാഷണൽ കൊമേഴ്സ്യൽ കമ്മിറ്റി അംഗവുമായ ഖാലിദ് അൽ ഹർബിയാണ് ഏറെ കോളിളക്കം സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഫ്രീ പോർട്ടുകൾ വഴിയുള്ള പുനർ കയറ്റുമതി (re-export) നടപടികളെക്കുറിച്ചും, യഥാർത്ഥ നിർമ്മാണ സ്ഥലത്ത് നിന്ന് വ്യത്യസ്തമായ ഉത്ഭവ രാജ്യത്തിന്റെ ലേബലിൽ ഉൽപ്പന്നങ്ങൾ സഊദി വിപണിയിൽ എത്തുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തി.
സഊദി വിപണി
സഊദി വിപണിയിൽ അമേരിക്കൻ, ജാപ്പനീസ് അല്ലെങ്കിൽ ഇറ്റാലിയൻ ഉൽപ്പന്നങ്ങളായി വിൽക്കപ്പെടുന്ന ചില സാധനങ്ങൾ യഥാർത്ഥത്തിൽ ചൈനയിൽ നിർമ്മിച്ചവയാണെന്നും, പിന്നീട് പുനർ കയറ്റുമതിക്കായി യുഎഇയിലെ ഫ്രീ പോർട്ടുകൾ വഴി കടത്തിവിടുന്നവയാണെന്നും അൽ ഹ ർബി പറഞ്ഞു.
വാണിജ്യ രജിസ്ട്രേഷൻ
UAE യിലെ ജെബൽ അലി തുറമുഖത്ത് ചൈനീസ് ഉൽപ്പന്നങ്ങൾ പുനർ കയറ്റുമതി ചെയ്യാനും അവയിൽ “Made in USA” (അമേരിക്കയിൽ നിർമ്മിച്ചത്) എന്ന ലേബൽ പതിപ്പിക്കാനും അനുവദിക്കുന്ന ഒരു സംവിധാനമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഏകദേശം 100 ദിർഹം ഫീസ് അടയ്ക്കുക, അമേരിക്കയിൽ ഒരു വാണിജ്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കുക എന്ന രണ്ട് വ്യവസ്ഥകൾ പാലിച്ചാൽ ഇത് നടക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
എയർ കണ്ടീഷനിംഗ് മേഖലയിൽ ഉപയോഗിക്കുന്ന ചെമ്പ് ഉൽപ്പന്നങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു: “എന്റെ കൈവശം ചെമ്പ് ഉൽപ്പന്നങ്ങളുണ്ടെന്ന് കരുതുക, അതിൽ ‘മേഡ് ഇൻ യുഎസ്എ’ (അമേരിക്കയിൽ നിർമ്മിച്ചത്) എന്ന് രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഞാൻ അമേരിക്കയിൽ എന്റെ പേരിൽ ഒരു ബിസിനസ്സ് രജിസ്ട്രേഷൻ എടുക്കുന്നു; തുടർന്ന് ചൈനയിൽ നിന്ന് ചെമ്പ് ജെബൽ അലി തുറമുഖത്തേക്ക് കൊണ്ടുവരികയും, അത് പുനർ കയറ്റുമതി (re-export) ചെയ്യുകയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഇവിടെ നിന്ന് മാറ്റിയെടുക്കാം.
ഉൽപ്പന്നം വാങ്ങൽ
ഈ ഉൽപ്പന്നം ജബൽ അലിയിൽ എത്തിച്ച ശേഷം യുഎസ് ബിസിനസ്സ് രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ പുനർ കയറ്റുമതി ചെയ്യപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൽഫലമായി, അത് അമേരിക്കയിൽ നിർമ്മിച്ചതാണെന്ന് വിശ്വസിച്ച് ഉപഭോക്താവ് ആ ഉൽപ്പന്നം വാങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജപ്പാൻ
ജപ്പാനിൽ നിർമ്മിച്ചവ എന്ന പേരിൽ വിൽക്കപ്പെടുന്ന തുണിത്തരങ്ങളുടെ കാര്യവും അൽ ഹാർബി പരാമർശിച്ചു. അവയുടെ ഉത്ഭവത്തെക്കുറിച്ച് ഉറപ്പുപറയാനാവില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, “അത് സത്യമാകാം, അല്ലാതിരിക്കാം” എന്ന് അഭിപ്രായപ്പെട്ടു. ഒപ്പം ഒരു ചോദ്യവും ഉന്നയിച്ചു: “ജെബൽ അലി തുറമുഖം വഴിയാണ് അവ കൊണ്ടുവരുന്നതെങ്കിൽ, എന്തുകൊണ്ട് നേരിട്ട് ജപ്പാനിൽ നിന്ന് കൊണ്ടുവരുന്നില്ല?”
എയർ കണ്ടീഷനിംഗ് മേഖല
എയർ കണ്ടീഷനിംഗ് മേഖലയിലെ തന്റെ പ്രവർത്തന പശ്ചാത്തലത്തിൽ ചില പ്രത്യേക ചെമ്പ് ഉൽപ്പന്നങ്ങളെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇക്കാര്യം എനിക്ക് ഉറപ്പിച്ചു പറയാനാകും: അത് ചൈനീസ് ഉൽപ്പന്നമാണ്,” എന്ന് പറഞ്ഞ അദ്ദേഹം, താൻ പരാമർശിക്കുന്ന ഉൽപ്പന്നം അമേരിക്കയിൽ നിർമ്മിച്ചതാണെന്ന് തെളിയിക്കാൻ കഴിയുന്ന ഒരു അമേരിക്കൻ ഫാക്ടറിയെക്കുറിച്ച് വിവരം നൽകാൻ ആരെയും കണ്ടെത്താനായില്ലെന്നും കൂട്ടിച്ചേർത്തു.
വാണിജ്യ വിഷയങ്ങൾ
ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ബാധിക്കുന്നതും വാണിജ്യപരമായ ചർച്ചകളിൽ ഉൾപ്പെടുത്തേണ്ടതുമായ ഒരു വെല്ലുവിളിയാണ് ഇതെന്നിരിക്കെ, പുനർ-കയറ്റുമതി പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്ന് അൽ ഹർബി ചൂണ്ടിക്കാട്ടി. വീഡിയോ കാണാം 👇.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
