കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് പകരം ഡ്രൈവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ കുറിച്ചു. കാൻഷി റാം ജോയിന്റ് ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിൽ ജോലി ചെയ്യുന്ന ഡോക്ടർ രാംകേഷ് കോടതിയിൽ ഒരു കേസിന്റെ ഭാഗമായി പോയപ്പോഴാണ് ഡ്രൈവർ രോഗികളെ പരിശോധിച്ചത്.
ഒപിയിൽ എത്തിയ രോഗികളെ ഡ്രൈവർ പരിശോധിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ഡോക്ടറോട് വിശദീകരണം തേടി.
പുറത്തുവന്ന വിഡിയോയിൽ ഡ്രൈവർ രോഗികളെ അകത്തേക്ക് വിളിക്കുന്നതും അസുഖ വിവരങ്ങൾ തിരക്കുന്നതും കാണാം. കുറിപ്പടി നൽകുമ്പോൾ മരുന്നുകൾ ലഭ്യമല്ലെന്നും പുറത്തു നിന്ന് വാങ്ങേണ്ടിവരുമെന്നും ഇയാൾ പറയുന്നുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് ഡ്രൈവർ രോഗികളെ പരിശോധിക്കുന്ന വിഡിയോ പുറത്തുവന്നത്.
സംഭവത്തിൽ ഡോക്ടറോട് വിശദീകരണം ചോദിച്ചതായി ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് (സിഎംഎസ്) ഡോ. പിയൂഷ് മിശ്ര പറഞ്ഞു. അതേസമയം ഡ്രൈവർ കുറിപ്പടി നൽകിയത് കണ്ടതായി ഡോക്ടർ സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിയ രോഗി പരിചയക്കാരനായിരുന്നെന്നും ഡ്രൈവറെ പുറത്താക്കിയെന്നും ഡോക്ടർ രാംകേഷ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
