റിയാദ്: സഊദി അറേബ്യയിലെ വിവിധ മേഖലകളിലുള്ള പുരാവസ്തു-പൈതൃക കേന്ദ്രങ്ങളെയും പുരാവസ്തു വസ്തുക്കളെയും ലക്ഷ്യമിട്ട് നടന്ന 55 നിയമലംഘനങ്ങൾ ഈ വർഷം രണ്ടാം പാദത്തിൽ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.
പുരാവസ്തു കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനും അവയുടെ ചരിത്രപരമായ സവിശേഷതകൾ കാത്തുസൂക്ഷിക്കുന്നതിനും മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമുള്ള തുടർച്ചയായ പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും ഭാഗമായാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് കമ്മീഷൻ വ്യക്തമാക്കി.
റിയാദ്, ഖസീം, അസീർ, തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ-ബാഹ മേഖലകളിലെ പുരാവസ്തു കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നേരിട്ട് നടത്തിയ പരിശോധനകളിലൂടെയും പൊതുജനങ്ങളിൽനിന്ന് ലഭിച്ച പരാതികളിലൂടെയുമാണ് 55 കേസുകളിൽ 16 എണ്ണം കണ്ടെത്തിയത്.
അനുമതിയില്ലാതെ ഖനനം നടത്തൽ, പുരാവസ്തു കേന്ദ്രങ്ങളുടെ രൂപഭാവത്തിൽ മാറ്റം വരുത്തൽ, മുന്നറിയിപ്പ് ബോർഡുകൾ, വിവരഫലകങ്ങൾ, സംരക്ഷണത്തിനായി സ്ഥാപിച്ച ഗേറ്റുകളും വേലികളും നശിപ്പിക്കൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ.
അതേസമയം, 12 നിയമലംഘനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയുള്ള നിരീക്ഷണത്തിൽ കണ്ടെത്തി. ആവശ്യമായ ലൈസൻസില്ലാതെ പുരാവസ്തു സർവേ നടത്തൽ, പുരാവസ്തു കേന്ദ്രങ്ങളിൽ അനുമതിയില്ലാതെ പ്രവേശിച്ച് വിവരങ്ങൾ പ്രസിദ്ധീകരിക്കൽ, ഡ്രോൺ ഉപയോഗിച്ച് ചിത്രീകരണം നടത്തൽ, അനധികൃത ഖനനം, പുരാവസ്തു കേന്ദ്രങ്ങൾ നശിപ്പിക്കൽ, പുരാവസ്തു വസ്തുക്കൾ കൈവശം വയ്ക്കൽ, കൂടാതെ മറഞ്ഞിരിക്കുന്ന നിധിയോ പുരാവസ്തു അവശിഷ്ടങ്ങളോ കണ്ടെത്താമെന്ന വ്യാജപ്രചാരണം നടത്തി ചിഹ്നങ്ങളെയും അടയാളങ്ങളെയും തെറ്റായി വ്യാഖ്യാനിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, 27 കേസുകൾ ആവശ്യമായ അനുമതിയില്ലാതെ പുരാവസ്തു-പൈതൃക വസ്തുക്കൾ കൈവശം വയ്ക്കുകയും അവ സമൂഹമാധ്യമങ്ങൾ, ഓൺലൈൻ സ്റ്റോറുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വിൽപ്പനയ്ക്കോ പ്രചാരണത്തിനോ വയ്ക്കുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഇവയിൽ പുരാതന നാണയങ്ങൾ, ലോഹനിർമിത പുരാവസ്തുക്കൾ, ശിലാപാത്രങ്ങൾ, ശിലാശിൽപ്പങ്ങൾ, മറ്റ് സാംസ്കാരിക പൈതൃക വസ്തുക്കൾ എന്നിവ ഉൾപ്പെട്ടതായി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.
പുരാവസ്തു-പൈതൃക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഹെറിറ്റേജ് കമ്മീഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, രാജ്യത്തുടനീളമുള്ള കമ്മീഷന്റെ ഓഫീസുകളോ ശാഖകളോ, “ബലാഘ് അഥരി” (Balagh Athari) സേവനം, അല്ലെങ്കിൽ ഏകീകൃത സുരക്ഷാ ഓപ്പറേഷൻസ് സെന്ററിന്റെ 911 നമ്പർ എന്നിവ വഴി വിവരം അറിയിക്കണമെന്ന് കമ്മീഷൻ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
