ലോകത്തെ ഏറ്റവും ഉയർന്ന അംബരചുംബിയെന്ന അപൂർവ നേട്ടത്തിലേക്ക്……..; ജിദ്ദ ടവറിന്റെ നിർമാണ പ്രവൃത്തികൾ അതിവേഗം മുന്നേറുന്നു

News Desk
2 Min Read

ജിദ്ദ: ലോകത്തെ ഏറ്റവും ഉയർന്ന അംബരചുംബിയെന്ന അപൂർവ നേട്ടത്തിലേക്ക് കുതിക്കുന്ന ജിദ്ദ ടവറിന്റെ നിർമാണ പ്രവൃത്തികൾ അതിവേഗം മുന്നേറുന്നു. ഉത്തര ജിദ്ദയിൽ നിർമിക്കുന്ന കൂറ്റൻ ടവറിന്റെ 107-ാം നിലയുടെ നിർമാണം പൂർത്തിയായതായും കെട്ടിടത്തിന്റെ നിലവിലെ ഉയരം 430 മീറ്റർ കവിഞ്ഞതായും കിങ്ഡം ഹോൾഡിങ് കമ്പനി ചെയർമാനും പ്രമുഖ സൗദി വ്യവസായിയുമായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ അറിയിച്ചു. നിർമാണ സ്ഥലം സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിർമാണ ജോലികൾ അതിവേഗം നടന്നുവരികയാണെന്നും ലോകത്തിലെ ഏറ്റവും ഉയർന്ന ടവർ എന്ന ലക്ഷ്യം ഞങ്ങൾ കൈവരിക്കുക തന്നെ ചെയ്യുമെന്നും സമൂഹമാധ്യമ അക്കൗണ്ടിലൂടെ അൽവലീദ് രാജകുമാരൻ വ്യക്തമാക്കി.

പൂർത്തിയാകുമ്പോൾ ആയിരത്തിലധികം മീറ്റർ (1 കിലോമീറ്ററിലധികം) ഉയരമുണ്ടാകുന്ന ജിദ്ദ ടവർ, നിലവിൽ ലോകത്തെ ഏറ്റവും ഉയർന്ന കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയേക്കാൾ കുറഞ്ഞത് 180 മീറ്ററെങ്കിലും കൂടുതൽ ഉയരമുള്ളതായിരിക്കും. തറനിരപ്പിന് മുകളിൽ 200ലേറെ നിലകളും രണ്ട് ഭൂഗർഭ നിലകളും ഉൾപ്പെടുന്നതാണ് ഈ അതിവിശിഷ്ട നിർമിതി. 1 കിലോമീറ്റർ ഉയരം മറികടക്കുന്ന ലോകത്തിലെ ആദ്യത്തെ കെട്ടിടം എന്ന ചരിത്രനേട്ടവും ജിദ്ദ ടവറിന് സ്വന്തമാകും.

നിലവിൽ അഞ്ചു ദിവസം കൊണ്ട് ഒരു നില എന്ന രീതിയിൽ അതിവേഗത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. കിങ്ഡം ഹോൾഡിങ് കമ്പനിയുടെ കണക്കനുസരിച്ച് ഏകദേശം 5,200 തൊഴിലാളികൾ സർവ്വസജ്ജരായി സൈറ്റിൽ പ്രവർത്തിക്കുന്നുണ്ട്. നിർമാണത്തിനൊപ്പം മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികളും പുറംഭാഗത്തെ ക്ലാഡിങ് പ്രവൃത്തികളും ഒരുമിച്ച് നടന്നു വരുന്നു.

അപകടങ്ങളോ തടസ്സങ്ങളോ ഇല്ലാതെ തുടർച്ചയായി 80 ലക്ഷം തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കാനായത് ഉയർന്ന ഗുണമേന്മയുള്ള സുരക്ഷാ നടപടികളുടെ തെളിവായാണ് ചൂണ്ടിക്കാണിക്കുന്നത്.​

ബുർജ് ഖലീഫയുടെ ആർക്കിടെക്റ്റായ അമേരിക്കൻ സ്വദേശി അഡ്രിയാൻ സ്മിത്താണ് ജിദ്ദ ടവറും രൂപകൽപന ചെയ്തിരിക്കുന്നത്. 2013 ഏപ്രിലിലാണ് ടവറിന്റെ പ്രാഥമിക നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ, കരാറുകാരുമായുള്ള ചില സാങ്കേതിക തടസ്സങ്ങളും കോവിഡ്-19 മഹാമാരിയും കാരണം 2018 ജനവരിയിൽ 63-ാം നിലയിലെത്തിയതോടെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കേണ്ടി വന്നു.

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം, പുതിയ നിർമാണ കരാറുകളോടെ പ്രവർത്തനം പുനരാരംഭിക്കുകയും 2025 ജനുവരിയോടെ അതിവേഗ നിർമാണം വീണ്ടും ആരംഭിക്കുകയും ചെയ്തു. 2026 ഏപ്രിലിൽ നൂറാം നില പിന്നിട്ട ടവർ, ഇപ്പോൾ 107 നിലകളിലായി 430 മീറ്റർ ഉയരം കൈവരിച്ചു കഴിഞ്ഞു. 2028ഓടെ പദ്ധതിയുടെ നിർമാണം പൂർണ്ണമായും പൂർത്തിയാകുമെന്ന് ജിദ്ദ ഇക്കണോമിക് കമ്പനി സിഇഒ ത്വലാൽ അൽമുഐമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെങ്കടൽ തീരത്ത് 5.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന ‘ജിദ്ദ ഇക്കണോമിക് സിറ്റി’യുടെ പ്രധാന ആകർഷണമാണ് ഈ ടവർ. ഏതാണ്ട് 2,000 കോടി യുഎസ് ഡോളർ (7,500 കോടി സൗദി റിയാൽ – 1.67 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് ടവർ ഉൾപ്പെടുന്നത്.

ആഡംബര റസിഡൻഷ്യൽ യൂണിറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, അത്യാധുനിക ഓഫിസുകൾ, ലോകോത്തര ‘ഫോർ സീസൺസ്’ ഹോട്ടൽ, സർവീസ് അപ്പാർട്മെന്റുകൾ എന്നിവ ജിദ്ദ ടവറിലുണ്ടാകും. കൂടാതെ, തറനിരപ്പിൽ നിന്ന് 600 മീറ്ററിലധികം ഉയരത്തിൽ സജ്ജീകരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ഒബ്സർവേഷൻ ഡെക്കും ഈ ടവറിന്റെ പ്രധാന പ്രത്യേകതയായിരിക്കും. സൗദിയുടെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ജിദ്ദ ടവർ വൻ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article