ന്യൂഡൽഹി: നവംബർ 1ന് ഡൽഹി രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ പങ്കെടുക്കാതിരുന്ന ഭാരവാഹികൾക്കെതിരെ യൂത്ത് കോൺഗ്രസിൽ കൂട്ടനടപടി.
നിർദേശം ലംഘിച്ച് റാലിയിൽ നിന്ന് വിട്ടുനിന്ന വിവിധ സംസ്ഥാനങ്ങളിലെ എൺപതിലധികം ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തു. വരും ദിവസങ്ങളിൽ നടപടി നേരിടുന്നവരുടെ എണ്ണം 500 വരെ ഉയർന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
മധ്യപ്രദേശിൽ നിന്നുള്ള 60 ഓളം ഭാരവാഹികൾ, കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽ പ്രദേശിൽ നിന്നുള്ള 13 പേർ, ഹരിയാനയിൽ നിന്നുള്ള 10 പേർ എന്നിവരെയാണ് നിലവിൽ സസ്‌പെൻഡ് ചെയ്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ ഭാരവാഹികളുടെ പട്ടികയും നേതൃത്വം പരിശോധിച്ച് വരികയാണ്. റാലിയിലും അതിന് മുന്നോടിയായി നടന്ന മാർച്ചിലും ദേശീയ-സംസ്ഥാന-ജില്ലാ ഭാരവാഹികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് കർശന നിർദേശം നൽകിയിരുന്നു.
റാലിക്ക് എത്തിയവരുടെ കൃത്യമായ എണ്ണം ഡിജിറ്റലായി രേഖപ്പെടുത്താൻ മിന്റോ റോഡിലെ കേന്ദ്രത്തിൽ ബാർകോഡ് സ്‌കാനറുകൾ സ്ഥാപിച്ചിരുന്നു. ഭാരവാഹികളോട് സംഘടനയുടെ ഔദ്യോഗിക ആപ്പിൽ റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. മിന്റോ റോഡിൽ 15,000-ത്തോളം പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ മാർച്ചിനായി ഒത്തുകൂടിയെന്നാണ് യൂത്ത് കോൺഗ്രസ് അവകാശപ്പെടുന്നത്.
എന്നാൽ ആപ്പിൽ വെറും 2,831 പേർ മാത്രമാണ് റജിസ്റ്റർ ചെയ്തത്. ഇന്റർനെറ്റിന്റെ വേഗതക്കുറവും റജിസ്‌ട്രേഷനെ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, നിരവധി ഭാരവാഹികൾ കൃത്യമായ കാരണങ്ങളില്ലാതെ റാലിയിൽ നിന്ന് വിട്ടുനിന്നതായി പാർട്ടി പരിശോധനയിൽ വ്യക്തമായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
