‘രാഷ്ട്രീയം അഴിമതി നിറഞ്ഞതായി; ഇനി മത്സരിക്കില്ല’: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സിദ്ധരാമയ്യ

News Desk
1 Min Read

ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലാതായിരിക്കുന്നു.

അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചെന്നും സിദ്ധരാമയ്യ പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിക്കുന്നു എന്ന കാര്യം സിദ്ധരാമയ്യ വ്യക്തമാക്കിയത്. മാണ്ഡ്യ ജില്ലയിലെ ഒരുപരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞകാര്യങ്ങളാണ് അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്. 

‘‘ തിരഞ്ഞെടുപ്പ് രാഷ്ട്രീയം അഴിമതി നിറഞ്ഞതായി. അതുകൊണ്ട് തന്നെ 2028ലെ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാൽ രാഷ്ട്രീയത്തിൽ തുടരും. ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അവരുടെ ശബ്ദമായി കൂടെയുണ്ടാകും. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരുണ മണ്ഡലത്തിലെ ജനങ്ങൾ നിർബന്ധിക്കുന്നുണ്ട്. എന്നാൽ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. മുൻപ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, മണ്ഡലത്തിലെ ജനങ്ങളാണ് പണം നൽകി എന്റെ വിജയം ഉറപ്പാക്കിയത്. എന്നാൽ ഇന്ന് അങ്ങനെയൊരു സാഹചര്യമില്ല.

എനിക്ക് ഇപ്പോൾ 79 വയസ്സായി. നമ്മുടെ സർക്കാരിന് ഇനിയും ഒന്നരവർഷം കാലാവധിയുണ്ട്. അപ്പോഴേക്കും എനിക്ക് 81-82 വയസ്സാകും. എന്റെ ആരോഗ്യം മോശമാവുകയാണ്. പണ്ടത്തെ അതേ ആവേശത്തോടെ പ്രവർത്തിക്കാൻ ഇനി സാധ്യമല്ല. 2028 ആകുമ്പോഴേക്കും എനിക്ക് 82 വയസ്സാകും. അപ്പോഴേക്കും എന്റെ രാഷ്ട്രീയ ജീവിതത്തിൽ 50 വർഷം പൂർത്തിയാകും. 1978-ൽ ഒരു താലൂക്ക് ബോർഡ് അംഗമായാണ് ഞാൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ട്. എന്നാൽ ഇതുവരെയും ഞാൻ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ എന്റെ മനസ്സാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ല എന്നതിൽ സംതൃപ്തിയുണ്ട്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് പണം നൽ‍കേണ്ട കാലമാണിത്. ഇന്നത്തെ രാഷ്ട്രീയം പൂർണമായും അഴിമതി നിറഞ്ഞതാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലാതായിരിക്കുന്നു. അതുകൊണ്ടുതന്നെ ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജനങ്ങൾ എന്നെ അവരിൽ ഒരാളായി കണ്ട് സ്നേഹത്തോടെ നയിച്ചു. ഈ കടപ്പാട് എന്റെ മനസ്സിലുണ്ട്. അതിനാൽ എന്റെ ഭാവി ജീവിതവും പൊതുസേവനത്തിനായിരിക്കും’’– സിദ്ധരാമയ്യ കുറിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!