രാജ്യത്തുടനീളം റെയ്ഡ്: ബാച്ചിലർ താമസകേന്ദ്രങ്ങളിൽ പരിശോധന

News Desk
1 Min Read

റിയാദ്: തൊഴിലാളികളും ബാച്ചിലർമാരും താമസിക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി സൗദി മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയം പരിശോധന ശക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബാച്ചിലർ താമസകേന്ദ്രങ്ങളിലാണ് വ്യാപക പരിശോധന നടത്തുക.

മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. നിയമലംഘനങ്ങൾ നടക്കുന്നുവെന്ന പരാതിയുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ബലദി ആപ്പ് വഴിയോ 940 എന്ന നമ്പറിലോ വിവരം അറിയിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.

മന്ത്രാലയ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന താമസകേന്ദ്രങ്ങൾക്കെതിരെ പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾക്കും പരാതികൾക്കും പ്രത്യേക പ്രാധാന്യം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുടെയും ബാച്ചിലർമാരുടെയും താമസകേന്ദ്രങ്ങളിൽ സുരക്ഷയും ശുചിത്വവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും നിയമവിരുദ്ധമായ താമസസൗകര്യങ്ങളോ ചട്ടലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ വിവരം കൈമാറാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article