- പുറപ്പെടുന്ന വിമാനത്താവളത്തിൽ വെച്ച് തന്നെ പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കുന്ന ‘വൺ-പോയിന്റ് എയർ ട്രാവൽ’ പദ്ധതി വൻ വിജയം
ഗൾഫ് ഡസ്ക്: ഷെങ്കൻ വിസ മാതൃകയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാവുന്ന ‘ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ’ ഉടൻ പ്രാബല്യത്തിൽ വരും. റിയാദിൽ നടന്ന സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗിൽ പ്രഖ്യാപനവുമായി ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി. പദ്ധതി യാഥാർത്ഥ്യമായാൽ വിദേശ വിനോദസഞ്ചാരികൾക്ക് ഒരൊറ്റ വിസയിൽ മുഴുവൻ ജിസിസി രാജ്യങ്ങളിലൂടെയും തടസ്സമില്ലാതെ യാത്ര ചെയ്യാം.
ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്ന ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ വൈകാതെ വെളിച്ചം കാണും. പദ്ധതിക്ക് അംഗീകാരം ലഭിച്ചതായും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ജിസിസി സെക്രട്ടറി ജനറൽ അറിയിച്ചു. യുഎഇ, സഊദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ മതിയാകും. വിസയുടെ അപേക്ഷ നടപടിക്രമങ്ങൾ, ഫീസ്, വാലിഡിറ്റി, ലോഞ്ച് തീയതി എന്നിവ അധികൃതർ ഉടൻ പ്രഖ്യാപിക്കും. യുഎഇയും ബഹ്റൈനും തമ്മിലുള്ള ‘വൺ-പോയിന്റ് എയർ ട്രാവൽ’ പദ്ധതിയുടെ വിജയവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുറപ്പെടുന്ന വിമാനത്താവളത്തിൽ വെച്ച് തന്നെ പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കുന്ന രീതിയാണിത്. ഈ സംവിധാനം വഴി എത്തുന്നവർക്ക് അബുദാബിയിലോ ദുബായിലോ വീണ്ടും ഇമിഗ്രേഷൻ പരിശോധനകൾ ഉണ്ടാകില്ല. സായിദ് വിമാനത്താവളത്തെയും ബഹ്റൈൻ വിമാനത്താവളത്തെയും ബന്ധിപ്പിച്ചാണ് പരീക്ഷണം ആരംഭിച്ചത്. ബയോമെട്രിക് സാങ്കേതികവിദ്യയുടെയും ഇ-ഗേറ്റുകളുടെയും സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
ജിസിസി പൗരന്മാരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ ‘വൺ-പോയിന്റ്’ സംവിധാനം സഹായിക്കും. ഗൾഫ് മേഖലയിലുടനീളം വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ പുതിയ തീരുമാനങ്ങൾ വഴിയൊരുക്കും. പ്രാദേശിക സംയോജനവും സാമ്പത്തിക സഹകരണവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കങ്ങൾ.
അതേസമയം, ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാകുന്നതോടെ വലിയ സാമ്പത്തിക വളർച്ചയ്ക്കും വിനോദസഞ്ചാര കുതിപ്പിനും ഒരുങ്ങി ഗൾഫ് രാജ്യങ്ങൾ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മേഖലയിൽ വൻതോതിൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വർദ്ധിക്കും. എണ്ണയിതര വരുമാനം ഉയർത്തി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഈ നീക്കം ഏറെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
