മുംബൈ: എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകൻ മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതിൽ മനംനൊന്ത് ആന്ധ്രാപ്രദേശ് സ്വദേശിയായ ഐടി ജീവനക്കാരി മുംബൈയിൽ ജീവനൊടുക്കി.
ഗുണ്ടൂർ ജില്ല സ്വദേശിനിയായ കീർത്തി (26) ആണ് മുംബൈയിലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. പ്രകാശം ജില്ലയിലെ പൊണ്ടൂർ ഗ്രാമവാസിയായ സായ് സുമന്തുമായി കീർത്തി എട്ട് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ സുമന്തിന്റെ വീട്ടുകാർ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചതോടെ കീർത്തി കടുത്ത മാനസിക വിഷമത്തിലായി. ഇതാണ് ജീവനൊടുക്കാൻ കാരണമായത്.
തന്റെ മരണാനന്തര ചടങ്ങുകൾ കാമുകന്റെ ജന്മനാട്ടിൽ നടത്തണമെന്നും ഭൗതികശരീരത്തിൽ താലി ചാർത്തണമെന്നും കീർത്തി ആത്മഹത്യാക്കുറിപ്പിൽ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. മുംബൈയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ മൃതദേഹം നേരെ പ്രകാശം ജില്ലയിലെ പൊണ്ടൂരിലുള്ള കാമുകന്റെ വീട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹവുമായി വീട്ടുകാരും ബന്ധുക്കളും ചേർന്ന് അവിടെ പ്രതിഷേധം സംഘടിപ്പിച്ചു.
വിവരമറിഞ്ഞ് തങ്കുതുരു പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിലും നാട്ടുകാരുടെ സഹകരണത്തോടെയും കീർത്തിയുടെ അന്ത്യകർമ്മങ്ങൾ കാമുകന്റെ ഗ്രാമമായ പൊണ്ടൂരിൽ തന്നെ നടത്തി.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
