27 വർഷത്തെ ഒളിവുജീവിതം; വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഒളിവിൽ പോയി: പ്രതി പിടിയിൽ

News Desk
1 Min Read

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഇരട്ട പോലീസ് കൊലപാതകത്തിലെ മുഖ്യപ്രതി ഒടുവിൽ പിടിയിലായി. 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഭൂറയെ, മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് പോലീസ് പിടികൂടിയത്.

വ്യാജ പേരിൽ ജീവിച്ചു വരികയായിരുന്ന ഇയാൾ, പിടിക്കപ്പെടാതിരിക്കാൻ സർക്കാർ രേഖകളിൽ കൃത്രിമം കാണിച്ച് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചിരുന്നു. 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പ്രതിയായിരുന്നു ഇയാൾ.

1999 ൽ ആഗ്രയിൽ നടന്ന ഒരു കൊള്ളശ്രമത്തിനിടെയാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ആഗ്രയിൽ നിന്ന് രക്ഷപ്പെട്ട ഭൂറ, കുറെ കാലം കാടുകളിൽ ഒളിവിൽ കഴിഞ്ഞു.

പിന്നീട് മധ്യപ്രദേശിലെ ഇറ്റാർസിയിലേക്ക് മാറിയ ഇയാൾ അവിടെ ലേബർ വർക്കറായുകയും, പിന്നീട് ഭോപ്പാലിൽ നിർമ്മാണ തൊഴിലാളിയായും ഒടുവിൽ ട്രക്ക് ഡ്രൈവറായും ജോലി ചെയ്തു വന്നു.

ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ ജമീൽ എന്ന പേര് സ്വീകരിച്ച് മറ്റൊരു വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തു. തന്റെ യഥാർത്ഥ സ്വത്വം പുറത്തറിയാതിരിക്കാൻ സ്വന്തം കുടുംബാംഗങ്ങളുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല.

എന്നാൽ, ജയിലിൽ നിന്ന് മോചിതനായ ഇയാളുടെ പഴയൊരു സഹായി, ഭൂറയുടെ ഭാര്യാസഹോദരനോട് രണ്ട് വർഷം മുമ്പ് താൻ ഭൂറയുമായി സംസാരിച്ചിരുന്ന കാര്യം വെളിപ്പെടുത്തിയത് പോലീസിന് തുമ്പായി.

ഈ വിവരം ആഗ്ര പോലീസിന് ലഭിച്ചതോടെ, രഹസ്യ വിവരദാതാക്കളെ ഉപയോഗിച്ചും സാങ്കേതിക നിരീക്ഷണത്തിലൂടെയും പോലീസ് ഇയാളെ പിന്തുടർന്നു. ഭോപ്പാലിൽ വലവിരിച്ച പോലീസ് ഒടുവിൽ ഭൂറയെ പിടികൂടുകയായിരുന്നു.

ആദ്യം ജമീൽ എന്ന പേര് പറഞ്ഞ് കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും, കസ്റ്റഡിയിൽ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. ഇത്രയും കാലം ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചും മറ്റ് പങ്കാളികളെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article