ന്യൂജഴ്സി: നാൽപതു ദിവസത്തെ കാത്തിരിപ്പിനു വിരാമം. ലോക ചാംപ്യന്മാരായ അർജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്പെയിനും ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനലിൽ ഇന്ന് തീപാറും പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മുതല്‍ ന്യൂജെഴ്സി സ്റ്റേഡിയത്തിലാണ് മത്സരം. ഫിഫ റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനക്കാര്‍ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമായാണ്.
അര്‍ജന്റീനയുടെ ഏഴാം ലോകകപ്പ് ഫൈനലാണിത് (1930, 1978, 1986, 1990, 2014, 2022, 2026). ജർമനി മാത്രമാണ് (8 തവണ) അർജന്റീനയെക്കാൾ കൂടുതൽ തവണ ലോകകപ്പ് ഫൈനൽ കളിച്ചിട്ടുള്ളത്. മൂന്നു തവണ ലോക ചാംപ്യന്മാരായ അർജന്റീന (1978, 1986, 2022) തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 1986, 1990 ലോകകപ്പുകൾക്കു ശേഷം ആദ്യമായാണ് അർജന്റീന തുടർച്ചയായ രണ്ടാം തവണയും ഫൈനലിലെത്തുന്നത്. അതേ സമയം, 2010 ൽ ലോകജേതാക്കളായ സ്പെയിനിന് ഇത് രണ്ടാം ലോകകപ്പ് ഫൈനലാണ്. തോൽവിയറിയാതെ 37 മത്സരങ്ങൾ പൂർത്തിയാക്കിയാണ് സ്പാനിഷ് പടയുടെ ഫൈനൽ പ്രവേശം.
ലയണൽ മെസ്സി എന്ന ഇതിഹാസത്തെ മുൻനിർത്തി അതിശക്തമായ ആക്രമണ ഫുട്ബോളാണ് അർജന്റീനയുടെ കരുത്ത്. അവസാന നിമിഷങ്ങളിൽ ഗോൾ നേടി ജയിക്കുന്നത് ശീലമാക്കിയ ടീം, ഈ ടൂർണമെന്റിൽ നേടിയ 19 ഗോളുകളിൽ 12 എണ്ണവും 75 ാം മിനിറ്റിന് ശേഷമാണ് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ ഇതുവരെ 8 ഗോളുകളും 4 അസിസ്റ്റുകളും നേടി തകര്‍പ്പന്‍ ഫോമിലുള്ള മെസ്സിയെ കേന്ദ്രീകരിച്ചുള്ള പവർഹൗസ് ഫുട്ബോളിലാണ് അർജന്റീന ആരാധകരുടെ പ്രതീക്ഷ. അതേസമയം, പ്രതിരോധത്തിന്റെ ചക്രവ്യൂഹവുമായാണ് സ്പെയിൻ കളത്തിലിറങ്ങുന്നത്.
ആകെ ഒരു ഗോൾമാത്രമാണ് സ്പെയിൻ ഈ ലോകകപ്പിൽ വഴങ്ങിയത് എന്നത് അവരുടെ പ്രതിരോധക്കരുത്ത് വ്യക്തമാക്കുന്നു. പന്ത് കൈവശം വച്ചുള്ള പൊസഷൻ ഫുട്ബോളിന്റെ ആശാന്മാരായ സ്പെയിനിനെ മറികടക്കുക എളുപ്പമല്ല. ഭേദിക്കാൻ പ്രയാസമേറിയ പ്രതിരോധക്കോട്ടയും ഗോൾവലയ്ക്ക് മുന്നിൽ ഉനായ് സിമോന്റെ വിശ്വസ്ത കരങ്ങളുമാണ് സ്പെയിനിന്റെ കരുത്ത്. ലമീൻ യമാലും മിക്കൽ ഒയർസബാലും അലക്സ് ബയേനയും നയിക്കുന്ന ആക്രമണനിരയ്‌ക്ക് ഏതു വമ്പനെയും വീഴ്‌ത്താൻ കെൽപ്പുണ്ട്.
അവസാന നിമിഷങ്ങളിൽ ഗോൾ നേടി ജയിക്കുന്ന അർജന്റീനയുടെ പതിവ് സ്പെയിനിന് മുന്നിൽ വിലപ്പോകുമോ? അതോ, ലമീൻ യമാലിന്റെ വേഗതയും സ്പാനിഷ് മധ്യനിരയുടെ തന്ത്രങ്ങളും മെസ്സിയുടെ കിരീടമോഹങ്ങൾക്ക് തടയിടുമോ? ആക്രമണവും പ്രതിരോധവും നേർക്കുനേർ വരുന്ന ഈ ആവേശപ്പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ലോകം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
