അപൂര്‍വ ചിത്രം, അപൂര്‍വ പോരാട്ടം; ചരിത്രത്തിന്റെ കയ്യൊപ്പ് പതിഞ്ഞൊരു ഫ്രെയിം

News Desk
2 Min Read

രണ്ട് തലമുറകളെ പ്രതിനിധീകരിക്കുന്ന ലയണൽ മെസി, ലമിൻ യമാൽ പോരാട്ടം ലോകം ആസ്വദിക്കുമ്പോൾ, ആരാധകർ വീണ്ടും വീണ്ടും ഓർത്തെടുക്കുന്നത് ഒരു ചരിത്ര ചിത്രമാണ്. മെസ്സിയുടെ കൈകളിൽ ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് യമാലുള്ള ആ അപൂർവ ഫ്രെയിം.

ഒരു ചിത്രത്തിന് ചിലപ്പോൾ ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ടാകും. മെസ്സിയും ലമിൻ യമാലും ഒന്നിച്ചുള്ള ആ ചിത്രം അതിന് ഏറ്റവും വലിയ ഉദാഹരണം. ഇന്ന് ലോക ഫുട്ബോളിലെ രണ്ട് പ്രധാന താരങ്ങളായ മെസ്സിയും യമാലും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്. മെസ്സി ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് യമാൽ ജനിച്ചത്. അന്ന് മെസ്സിയുടെ കൈകളിലുണ്ടായിരുന്ന ആ കുഞ്ഞാണ് ഇന്ന് സ്പെയിനിൻ്റെ ഏറ്റവും വലിയ പ്രതീക്ഷയായി ലോകകപ്പ് വേദിയിൽ തിളങ്ങുന്നത്.

2007 ഡിസംബറിൽ ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൗവിലാണ് ആ അപൂർവ നിമിഷം പിറന്നത്. സ്പാനിഷ് ദിനപത്രമായ ഡയാരിയോ സ്പോർട്ടും യുണിസെഫും ചേർന്ന് സംഘടിപ്പിച്ച ചാരിറ്റി കലണ്ടറിനായുള്ള ഫോട്ടോഷൂട്ടിൻ്റെ ഭാഗമായിരുന്നു അത്. ബാഴ്സലോണയിലെ ഒരു പ്രാദേശിക കൂട്ടായ്മയിൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ലമിൻ യമാലിൻ്റെ കുടുംബത്തിന് ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രശസ്ത ഫോട്ടോഗ്രാഫർ യോവാൻ മോൺഫോർട്ടാണ് ആ ഫ്രെയിം പകർത്തിയത്.

ക്യാമറയ്ക്ക് മുന്നിൽ കുഞ്ഞ് യമാലിനെ കൈയിലെടുക്കാൻ പോലും മെസ്സിക്ക് വലിയ മടിയായിരുന്നു. ഒരു കുഞ്ഞിനെ എങ്ങനെ പിടിക്കണമെന്ന് പോലും അറിയാതെ അൽപം പരിഭ്രമിച്ചായിരുന്നു അന്നത്തെ ഫോട്ടോഷൂട്ട് പൂർത്തിയാക്കിയതെന്ന് പിന്നീട് മോൺഫോർട്ട് പറഞ്ഞിരുന്നു. കാലം കടന്നുപോയി. മെസ്സി ലോകകപ്പ് ഉൾപ്പെടെ ഫുട്ബോളിൽ നേടാനാകുന്നതെല്ലാം സ്വന്തമാക്കിയ ഇതിഹാസമായി. അതേസമയം, ആ ചിത്രത്തിലെ കുഞ്ഞ്, ലോകഫുട്ബോളിലെ ഏറ്റവും വലിയ യുവതാരമായി വളർന്നു.

2024ലെ യൂറോകപ്പിൽ ഫ്രാൻസിനെതിരെ യമാൽ നേടിയ അത്ഭുതഗോളിന് പിന്നാലെയാണ് യമാലിൻ്റെ പിതാവ് മുനീർ നസ്രാവി വർഷങ്ങളായി സൂക്ഷിച്ചുവെച്ചിരുന്ന ആ ചിത്രം. രണ്ട് ഇതിഹാസങ്ങളുടെ തുടക്കം എന്ന അടിക്കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. അതോടെ ചിത്രം വീണ്ടും ലോകമെമ്പാടും വൈറലായി. എഐ കാലത്ത് ചിത്രം ദൃശ്യമായും മാറി..

ഇന്ന് ലോകകപ്പ് വേദിയിൽ മെസ്സി തൻ്റെ അവസാന ലോകകപ്പ് കിരീടത്തിനായി പോരാടുമ്പോൾ, യമാൽ തൻ്റെ ആദ്യ ലോകകപ്പ് സ്വപ്നം കാണുകയാണ്. രണ്ട് തലമുറകൾ. പക്ഷേ ഒരേ ഫ്രെയിമിൽ തുടങ്ങിയത് പോലെ തോന്നുന്ന രണ്ട് അസാധാരണ ഫുട്ബോൾ യാത്രകൾ. അതുകൊണ്ടുതന്നെ മെസ്സിയും കുഞ്ഞ് യമാലും ഒന്നിച്ചുള്ള ആ ചിത്രം ഇന്നും ആരാധകരുടെ ഹൃദയത്തിൽ മായാത്ത ഓർമയായി തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!