-
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകം
ജിദ്ദ: സഊദിയില്‍ നിര്‍ബന്ധിത റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി പ്രാബല്യത്തില്‍വന്നു. റിയൽ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വക്താവ് തൈസീര്‍ അല്‍മുഫറജ് ആണ് ഇക്കാര്യം അറിയിച്ചത്. റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതിയായി അഞ്ചു ശതമാനമാണ് നല്‍കേണ്ടത്. ഇത് രാജ്യത്തെ എല്ലാ നഗരങ്ങളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്.
റിയാദ്, ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങളില്‍ വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്ന, പ്രത്യേകം നിശ്ചയിച്ച പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് വിദേശികള്‍ക്ക് എല്ലാവര്‍ക്കും ബാധകമായ അഞ്ചു ശതമാനം നികുതിക്കു പുറമെ ബന്ധപ്പെട്ട നിയമത്തിനും ബൈലോകള്‍ക്കും അനുസൃതമായി 2 ശതമാനം അധിക ഫീസ് ബാധകമാണെന്ന് തൈസീര്‍ അല്‍മുഫറജ് വ്യക്തമാക്കി.
ഈ നാല് നഗരങ്ങളില്‍ സഊദികളല്ലാത്തവരുടെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഓരോ നഗരത്തിന്റെയും തനതായ സവിശേഷതകളും വികസന ലക്ഷ്യങ്ങളും കണക്കിലെടുക്കുന്ന വ്യവസ്ഥകളുടെ ഭാഗമാണെന്ന് റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി പറഞ്ഞു. മക്കയും മദീനയും അവയുടെ മതപരവും ചരിത്രപരവുമായ പ്രാധാന്യം സംരക്ഷിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.
ഈ നഗരങ്ങളില്‍ പ്രത്യേക പ്രദേശങ്ങള്‍ക്കുള്ളില്‍, അംഗീകൃത നിയമ നടപടിക്രമങ്ങള്‍ക്കനുസൃതമായി, റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം മുസ്ലിംകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. റിയാദും ജിദ്ദയും രാജ്യത്തെ രണ്ട് പ്രധാന സാമ്പത്തിക, നഗര കേന്ദ്രങ്ങളാണ്. ഇവിടങ്ങളില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങള്‍ക്കുള്ളില്‍ സൗദി ഇതര ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിലൂടെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ സുസ്ഥിരതക്കും വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കുന്ന നിലക്ക് നഗരവികസനത്തെ പിന്തുണക്കുക, ജീവിത നിലവാരം ഉയര്‍ത്തുക, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
