കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ; എയർ ഇന്ത്യയിൽ പുതിയ ബേസിക് ഫെയർ കാറ്റഗറി

News Desk
1 Min Read

ന്യൂഡൽഹി: യാത്രക്കാരെ ആകർഷിക്കുന്നതിനും ടിക്കറ്റ് നിരക്കിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനുമായി എയർ ഇന്ത്യ പുതിയ ബേസിക് ഫെയർ കാറ്റഗറി അവതരിപ്പിച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലെ ഇക്കണോമി ക്ലാസ് യാത്രക്കാർക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക. കൂടുതൽ സേവനങ്ങൾ ആവശ്യമില്ലാത്തവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ എയർ ഇന്ത്യ ഒരുക്കുന്നത്.

ബാഗേജ് പരിധി: 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും, 7 കിലോഗ്രാം കാബിൻ ബാഗേജും അനുവദിക്കും.
ഭക്ഷണ സൗകര്യം: യാത്രക്കാർക്ക് സൗജന്യമായി ചായയോ കാപ്പിയോ ലഭിക്കും. എന്നാൽ സാധാരണ ലഭിക്കാറുള്ള സൗജന്യ ഭക്ഷണം ഈ ടിക്കറ്റിൽ ഉൾപ്പെടില്ല.

ഭക്ഷണം പ്രീ-ബുക്ക് ചെയ്യാം: യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് വരെ യാത്രക്കാർക്ക് പണം നൽകി വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ, ജൈൻ, ഡയബറ്റിക് ഭക്ഷണങ്ങൾ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. വിമാന സമയത്തിൽ മാറ്റമുണ്ടായാൽ ഈ ഭക്ഷണം അടുത്ത വിമാനത്തിലേക്ക് മാറ്റുകയോ, ലഭ്യമല്ലെങ്കിൽ തുക റീഫണ്ട് ചെയ്യുകയോ ചെയ്യും.

വിവിധതരം യാത്രക്കാരുടെ താൽപര്യങ്ങൾ കണക്കിലെടുത്താണ് ഉപഭോക്തൃ സൗഹൃദപരമായ പുതിയ മാറ്റമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. 2024ൽ എയർ ഇന്ത്യ അവതരിപ്പിച്ച വാല്യൂ, ക്ലാസിക്, ഫ്ലെക്സ് എന്നീ ഫെയർ കാറ്റഗറികൾക്ക് പുറമെയാണ് ഇപ്പോൾ ബേസിക് നിരക്കുകളും വരുന്നത്. മറ്റ് കാറ്റഗറികളിൽ സൗജന്യ ഭക്ഷണവും കൂടുതൽ സേവനങ്ങളും തുടർന്നും ലഭ്യമായിരിക്കും.

നിലവിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ, എയർപോർട്ട് ടിക്കറ്റിങ് ഓഫിസുകൾ തുടങ്ങിയ നേരിട്ടുള്ള ബുക്കിങ് ചാനലുകളിലൂടെ മാത്രമാണ് ബേസിക് ടിക്കറ്റുകൾ ലഭ്യമാകുക. പരീക്ഷണ ഘട്ടത്തിലെ യാത്രക്കാരുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും എല്ലാ റൂട്ടുകളിലേക്കും ഇത് വ്യാപിപ്പിക്കുകയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article