കാലിഫോർണിയ: ഗ്രൂപ്പ് ബിയിൽ നടന്ന ഞായറാഴ്ചത്തെ ആദ്യ ലോകകപ്പ് മത്സരത്തിൽ യൂറോപ്യൻ ശക്തികളായ സ്വിറ്റ്സർലൻഡിനോട് പൊരുതിക്കളിച്ച് സമനില പിടിച്ച് ഏഷ്യൻ ശക്തികളായ ഖത്തർ. ഖത്തർ ടീമിൻ്റെ ചരിത്രത്തിലെ ലോകകപ്പിൽ ആദ്യത്തെ സമനിലയും ആദ്യ പോയിൻ്റുമാണ്. സ്വിസ് പടയ്ക്കെതിരെ ജയത്തിന് സമാനമായ സമനിലയാണ് ഖത്തർ സ്വന്തമാക്കിയത്.
മത്സരത്തിൻ്റെ 17ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ബ്രീൽ എംബോളോയാണ് യൂറോപ്യൻ ശക്തികളെ മുന്നിലെത്തിച്ചത്. എട്ടാം ലോകകപ്പ് കളിക്കുന്ന സ്വിസ് പടയുടെ ആക്രമണങ്ങൾ മികച്ച രീതിയിൽ പ്രതിരോധിച്ച ഖത്തറിനെ കുടുക്കിയത് 17ാം മിനിറ്റിൽ ബോക്സിനകത്ത് വഴങ്ങിയൊരു ഫൗളും തുടർന്ന് ലഭിച്ച പെനാൽറ്റിയുമായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ സ്വിസ് ആക്രമണങ്ങളെ കൂടുതൽ നന്നായി പ്രതിരോധിച്ച ഖത്തർ ഡിഫൻഡർമാർ പിന്നീട് കൂടുതൽ ഗോളുകൾ വഴങ്ങാതെ പിടിച്ചുനിൽക്കുകയായിരുന്നു. നിശ്ചിത സമയവും കഴിഞ്ഞ് ലഭിച്ച ഇഞ്ച്വറി ടൈമിൽ (90+5) പകരക്കാരനായെത്തിയ ഡിഫൻഡർ ബൗലേം ഖൗഖിയാണ് ഖത്തറിന് തകർപ്പനൊരു ഹെഡ്ഡറിലൂടെ സ്വപ്നതുല്യമായ സമനില ഗോൾ സമ്മാനിച്ചത്.
ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദ നടത്തിയ ഏഴ് മികച്ച സേവുകളാണ് ഖത്തറിന് അവിശ്വസനീയമായ സമനില സമ്മാനിച്ചത്. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
