കൊളംബോ: ശ്രീലങ്കയിൽനിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറക്കുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനം യാത്രാമധ്യേ മിന്നലേറ്റതിനെ തുടർന്ന് വെള്ളിയാഴ്ച അടിയന്തരമായി തിരിച്ചിറക്കി. 207 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ശ്രീലങ്കയിലെ പ്രാദേശിക മാധ്യമമായ ‘ഡെയ്‌ലി മിറർ’ റിപ്പോർട്ട് ചെയ്തതനുസരിച്ച് വിമാനത്തിന് മിന്നലേറ്റ ഉടൻ വലിയൊരു ശബ്ദം കേട്ടു. വിമാനത്തിന്റെ ഒരു എൻജിനിൽനിന്ന് തീപ്പൊരികൾ ഉയർന്നു. വിമാന ജീവനക്കാർ ഉടനടി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
വിമാനം പറന്നുയരുന്നതിനിടയിലും പിന്നീട് വിമാനത്താവളത്തിൽ തിരിച്ചിറങ്ങുന്നതിനിടയിലും തീപ്പൊരികൾ ഉണ്ടാകുന്ന വിഡിയോ ഡെയ്‌ലി മിറർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വിമാനത്തിന് മിന്നലേറ്റതായും എൻജിന് ചെറിയ കേടുപാടുകൾ പറ്റിയതായും പൈലറ്റുമാർ പിന്നീട് യാത്രക്കാരെ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ സിഡ്നിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ലാൻഡിങ് നടത്തി. സാങ്കേതിക കാരണങ്ങളാൽ വിമാനം തിരിച്ചിറക്കിയെന്നു ഏജൻസിയായ എഎൻഐയും സ്ഥിരീകരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
