ബ്രസീലിനെ വിറപ്പിച്ച് മൊറോക്കോ, സമനില സമ്മാനിച്ച് വിനീഷ്യസ് മാജിക്

News Desk
2 Min Read

ന്യൂയോർക്ക്: ലോകകപ്പിൽ സി ഗ്രൂപ്പിലെ ആവേശകരമായ വമ്പൻ പോരിൽ ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലിനെ വിറപ്പിച്ച് സമനില പിടിച്ച് മൊറോക്കോ. ആദ്യ 12 മിനിറ്റിനകം തന്നെ ആറ് ഗോൾനീക്കങ്ങളുമായി ബ്രസീലിയൻ ഡിഫൻഡർമാരെ മൊറോക്കോ തുടക്കം മുതൽക്കേ വിറപ്പിച്ചു നിർത്തി. ബ്രസീലിയൻ താരങ്ങളെ താളം കണ്ടെത്താൻ അനുവദിക്കാതെ ബോക്സ് ടു ബോക്സ് ആക്രമിക്കുകയെന്ന തന്ത്രമാണ് ഹക്കീമിയും കൂട്ടരും പയറ്റിയത്.

ഇതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെ കൂട്ടമായി ബ്രസീൽ മാറി. പിന്നീട് മിഡ് ഫീൽഡിൽ ആഫ്രിക്കൻ രാജ്യം സമഗ്രാധിപത്യം പുലർത്തിയതോടെ ബ്രസീൽ താരങ്ങൾക്ക് പാസിങ്ങിൽ പോലും നിരവധി പാളിച്ചകൾ പിണഞ്ഞു. ഇത്തരത്തിലൊരു അവസരം മുതലെടുത്താണ് മൊറോക്കൻ മുന്നേറ്റനിര ആദ്യം ബ്രസീലിൻ്റെ ഗോൾവല കുലുക്കി ജോഗോ ബൊണീറ്റോ ആരാധകരെ ഞെട്ടിച്ചത്!

പോർച്ചുഗലിൻ്റെ സ്റ്റോപ്പർ ബാക്കായ ഹക്കീമി തന്നെയാണ് ബ്രസീലിയൻ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ട് പലപ്പോഴും മഞ്ഞപ്പടയുടെ ബോക്സിലേക്ക് ഇരച്ചുകയറി സഹതാരങ്ങൾക്ക് സ്പേസ് കണ്ടെത്തി നൽകിയത്. ഇതിനിടെ ബ്രസീൽ മിഡ് ഫീൽഡർ ലൂക്കാസ് പക്വേറ്റയിൽ നിന്ന് നഷ്ടമായ പന്തുമായി മൊറോക്കോയുടെ മിഡ് ഫീൽഡർ നീൽ എൽ അയ്നൗയി നൽകിയ പാസ് സ്വീകരിച്ച് ബ്രാഹിം ഡയസ് നൽകിയ പാസ് ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേൽ മഗൽഹേസിനെ കീഴ്‌പ്പെടുത്തി സ്ട്രൈക്കർ ഇസ്മായിൽ സൈബരിയുടെ കാലുകളിലെത്തി.

ഫുൾ ബാക്ക് ഗബ്രിയേലും ഗോൾകീപ്പർ ആലിസൺ ബെക്കറും തമ്മിലുണ്ടായ ആശയക്കുഴപ്പവും ബ്രസീലിന് ആദ്യ ഷോക്ക് സമ്മാനിച്ചു. പന്ത് തടയാനായി ആലിസൺ മുന്നോട്ടേക്ക് ഓടിയെത്തിയതും മൊറോക്കൻ സ്ട്രൈക്കർ സൈബരി ബ്രസീലിയൻ ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് ബോക്സിലേക്ക് കോരിയിട്ടു. സ്കോർ ബ്രസീൽ 0 – മൊറോക്കോ 1.

ഇതോടെ ഒന്ന് പതറിയ ബ്രസീലിയൻ ഡിഫൻഡർമാരെ വീണ്ടും വീണ്ടും മൊറോക്കോയുടെ മിഡ് ഫീൽഡർമാരും സ്ട്രൈക്കർമാരും ചേർന്ന് പരീക്ഷിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ മത്സരഗതിക്ക് വിപരീതമായി ബ്രസീലിയൻ ഇടത് വിംഗർ വിനീഷ്യസ് ജൂനിയർ നടത്തിയ മിന്നലാക്രമണം മൊറോക്കൻ പ്രതിരോധത്തെ കീറിമുറിച്ച് വലകുലുക്കി. പ്രതിരോധം മറന്ന് മുന്നോട്ടേക്ക് കയറിയ ഹക്കീമിക്കൊരു തിരിച്ചടി കൂടിയായി 32ാം മിനിറ്റിൽ പിറന്ന ഈ ബ്രസീലിയൻ ഗോൾ. ബ്രൂണോ ഗ്യുമാറസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ചാണ് വിനീഷ്യസ് ഈ അതിമനോഹരമായ റണ്ണിലൂടെ എതിർ ഗോൾവല കുലുക്കിയത്.

ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടാം പകുതി ഗോൾരഹിതമായിരുന്നു. ആദ്യ പകുതിയേക്കാൾ മെച്ചപ്പെട്ട പ്രതിരോധമായിരുന്നു ഇരു ടീമുകളും നടത്തിയത്. എങ്കിലും ലീഡ് ഉയർത്താൻ ലഭിച്ച നിരവധി അവസരങ്ങൾ ഇരു ടീമുകളും നഷ്ടപ്പെടുത്തുന്നതാണ് കാണാനായത്. അവസാനമായി 10 മിനിറ്റ് ഇഞ്ച്വറി ടൈമിൽ മൊറോക്കോ താരം ഉതിർത്ത ഷോട്ട് ബ്രസീലിയൻ ഗോൾകീപ്പർ ആലിസൺ ബെക്കർ ഏറെ പണിപ്പെട്ടാണ് തടഞ്ഞിട്ടത്. ഈ പന്ത് റീബൗണ്ട് ചെയ്തെടുക്കാനുള്ള മൊറോക്കൻ മുന്നേറ്റതാരത്തിൻ്റെ ശ്രമം മികച്ചൊരു സേവിലൂടെ ആലിസൺ തടഞ്ഞിട്ടതോടെ ബ്രസീലിയൻ ആരാധകരുടെ ശ്വാസം നേരെ വീണു. മാർച്ച് 20ന് ഇനി ഹെയ്തിക്കെതിരെയാണ് ബ്രസീലിൻ്റെ അടുത്ത മത്സരം.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article