ഇസ്‌ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപം സാങ്കേതിക തകരാറിനെത്തുടർന്ന് പാക്കിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നു സൈന്യം അറിയിച്ചു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ എം.ഐ-17 ഹെലികോപ്റ്ററാണ് തകർന്നത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. പാക്ക് അധിനിവേശ കശ്മീരിലെ സംഘടനയായ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് 11 പേർ കൊല്ലപ്പെട്ടിരുന്നു. സംഘടനയെ പാക്കിസ്ഥാൻ നിരോധിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങൾ നടക്കാനിടയുള്ളതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുസാഫറാബാദിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.
പാക്ക് അധിനിവേശ കശ്മീർ നിയമസഭയിൽ കശ്മീരിൽ നിന്ന് 1947 ൽ എത്തിയ അഭയാർഥികൾക്ക് 12 സീറ്റുകൾ സംവരണം ചെയ്തത് റദ്ദാക്കണമെന്ന് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി ദീർഘകാലമായി ആവശ്യപ്പെടുകയാണ്. എന്നാൽ, ഈ ആവശ്യം കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളി. ഇതേത്തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
