ഗര്‍ഭിണിയായി വേഷം ധരിച്ച കൊറിയന്‍ യുവാവിന് നേരെ ഇന്ത്യയില്‍ വെച്ച് അതിക്രമം: ഒടുവില്‍ സത്യം പുറത്ത്

malayalampress
1 Min Read
ഗര്‍ഭിണിയായി വേഷം ധരിച്ച കൊറിയന്‍ യുവാവിന് നേരെ ഇന്ത്യയില്‍ വെച്ച് അതിക്രമമുണ്ടായി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോയില്‍ ആളുകള്‍ ഇയാളെ മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതായും കാണാമായിരുന്നു. എന്നാല്‍, ഇന്ത്യക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായ ഈ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ സത്യം വെളിപ്പെടുത്തിക്കൊണ്ട് കൊറിയന്‍ യൂട്യൂബറായ സുമിന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
തികച്ചും വ്യത്യസ്തമായ രണ്ട് വീഡിയോകള്‍ ഒന്നിച്ച് ചേര്‍ത്ത് തെറ്റായ രീതിയില്‍ എഡിറ്റ് ചെയ്താണ് ഈ വ്യാജ പ്രചാരണം നടത്തിയതെന്ന് സുമിന്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണിയായി വേഷം ധരിച്ചുകൊണ്ടുള്ള വീഡിയോ ബംഗ്ലാദേശില്‍ വെച്ച് ചിത്രീകരിച്ചതാണ്. എന്നാല്‍ ഇതിനൊപ്പം ചേര്‍ത്തിരിക്കുന്ന ഹോളി ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും പകര്‍ത്തിയതുമാണ്. ഹോളി ആഘോഷത്തിന്റെ വീഡിയോയില്‍ തന്റെ നീണ്ട മുടി കണ്ട് ആളുകള്‍ സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചതാകാം എന്നും സുമിന്‍ ഇന്‍സ്റ്റാഗ്രാം ത്രെഡ്‌സിലൂടെ പ്രതികരിച്ചു.
തന്റെ യാത്രാ വീഡിയോകള്‍ ഉപയോഗിച്ച് ഒരു രാജ്യത്തിനെതിരെയും അപവാദം പ്രചരിപ്പിക്കരുതെന്ന് സുമിന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓരോ രാജ്യത്തെയും സംസ്‌കാരവും ജീവിതരീതികളും അടുത്തറിയാന്‍ വേണ്ടിയാണ് താന്‍ യാത്രകള്‍ ചെയ്യുന്നത് അല്ലാതെ ഒരു രാജ്യത്തെയോ ജനവിഭാഗത്തെയോ മോശമായി ചിത്രീകരിക്കാനല്ല എന്നും അദ്ദേഹം പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തയാള്‍ ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ചെയ്ത കാര്യമാണിതെന്നും സുമിന്‍ കൂട്ടിച്ചേര്‍ത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article