പതിനാറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; ടാന്‍സാനിയന്‍ ഇരട്ടകളായ നാന്‍സിയെയും നൈസിനെയും വിജയകരമായി വേര്‍പെടുത്തി

News Desk
1 Min Read

റിയാദ്: പതിനാറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷം ടാന്‍സാനിയന്‍ സംയോജിത ഇരട്ടകളായ നാന്‍സിയെയും നൈസിനെയും വിജയകരമായി വേര്‍പെടുത്തി. സഊദി തലസ്ഥനമായ റിയാദില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

‘അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ടീമിലെ എന്റെ സഹപ്രവര്‍ത്തകരുടെ സമര്‍പ്പിത പരിശ്രമത്തിനും 10 ഘട്ടങ്ങളിലായി നടത്തിയ പതിനാറര മണിക്കൂര്‍ നീണ്ട നടപടിക്രമത്തിനും ശേഷം ടാന്‍സാനിയന്‍ ഇരട്ടകളായ നാന്‍സിയെയും നൈസിനെയും വേര്‍പെടുത്താന്‍ കഴിഞ്ഞു.’- റോയല്‍ കോടതിയുടെ ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ സൂപ്പര്‍വൈസര്‍ ജനറലും സര്‍ജിക്കല്‍ ആന്‍ഡ് മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല അല്‍ റബീഹ പറഞ്ഞു.

ഒന്നര വയസ്സുള്ള ഇരുവരുടെയും നെഞ്ചിന്റെ അടിഭാഗവും വയര്‍, ഇടുപ്പെല്ല് എന്നിവയും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കരള്‍, വന്‍കുടല്‍, മൂത്രാശയ-പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയും പങ്കിട്ട നിലയിലായിരുന്നു. കൂടാതെ ഇരുവര്‍ക്കുമായി രണ്ട് കാലുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും ഡോ. അല്‍ റബീഅ പറഞ്ഞു.

തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം 2026 ജനുവരി 27നാണ് പ്രത്യേക മെഡിക്കല്‍ വിമാനത്തില്‍ ടാന്‍സാനിയയില്‍ നിന്ന് സയാമീസ് ഇരട്ടകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!