യെമനില്‍ ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു

News Desk
2 Min Read

യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. 30 സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. സൈനിക ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ശക്തമായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഹളർമൗത്ത്, മാരിബ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണമുണ്ടായത്. യെമനിൽ വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് യെമൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 2022നു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും മാരകമായ പോരാട്ടമാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അൽ-ജൗഫ് പ്രവിശ്യയിൽ നിന്നായിരുന്നു ആക്രമണമുണ്ടായത്. ഹളർമൗത്തിലെ അൽ-തിനിയ, അൽ-അബ്ര, മാരിബിലെ അൽ-റൂക്ക് എന്നീ പ്രദേശങ്ങളിലെ ക്യാമ്പുകളാണ് ആക്രമിക്കപ്പെട്ടത്.

അതേസമയം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും നൂറുകണക്കിന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഹൂതി സൈനിക വക്താവ് യഹ്യ സാരികാശ അവകാശപ്പെട്ടു. കഴിഞ്ഞ നാല് വർഷമായി നിലനിന്നിരുന്ന താൽക്കാലിക ശാന്തതയ്ക്ക് ശേഷമാണ് യെമനിൽ സൗദി പിന്തുണയുള്ള സർക്കാരും ഇറാൻ അനുകൂലികളായ ഹൂതികളും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നത്. 

നേരത്തേ ജൂലൈ ആദ്യത്തില്‍ സനാ വിമാനത്താവളത്തിൽ ഇറാനിയൻ വിമാനം ഇറങ്ങുന്നത് തടഞ്ഞതായി ഹൂതികൾ ആരോപിച്ചിരുന്നു. തുടർന്ന് ജൂലൈ 13-ന് സർക്കാർ സേന സനാ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തി. ഇതിന് മറുപടിയായി സൗദി അറേബ്യയിലെ അഭ എയർപോർട്ടിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയെങ്കിലും സൗദി സേന അത് തടയുകയായിരുന്നു.

ജൂലൈ 20-ന് സൗദി അറേബ്യയ്‌ക്കെതിരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിക്കുകയും ചെങ്കടലിൽ സൗദി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിനെത്തുടർന്ന് 2022-ന് ശേഷം ആദ്യമായി പടിഞ്ഞാറൻ യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സൗദി സഖ്യസേന വ്യോമാക്രമണം ശക്തമാക്കി. അതേസമയം ബാബ് അൽ-മന്ദേബ് വഴിയുള്ള പ്രധാന നാവിക പാതകളിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

മറുവശത്ത് പേർഷ്യൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതവും തടസപ്പെട്ട പശ്ചാത്തലത്തിൽ, ചെങ്കടലിലെ ഈ പുതിയ സൈനിക നീക്കങ്ങൾ രാജ്യാന്തര തലത്തിൽതന്നെ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2014-ൽ ഹൂതികൾ തലസ്ഥാനമായ സനാ പിടിച്ചെടുത്തതോടെയാണ് യെമനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. തുടർന്ന് 2015-ൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിൽ സൈനിക ഇടപെടൽ നടത്തിയെങ്കിലും പോരാട്ടം ഇന്നും തുടരുന്ന സാഹചര്യമാണുള്ളത്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article