ഗൾഫിലെ ‘ബംപർ’; മലയാളി യുവാവിനെ ‘ഫ്രീ’യായി അബുദാബിയിലെത്തിച്ച് സമ്മാനം നൽകി അധികൃതർ

News Desk
1 Min Read

അബുദാബി: ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ‘ബിഗ് സ്പിൻ’ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കും ഒരു ജോർദാൻ സ്വദേശിക്കും ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചു. മൂന്ന് ഭാഗ്യശാലികളും ചേർന്ന് 4.5 ലക്ഷം ദിർഹമാണ് നേടിയത്. ഈ മാസം 3ന് നടന്ന തത്സമയ നറുക്കെടുപ്പിലാണ് ആദ്യ ബിഗ് സ്പിൻ വിജയികളെ പ്രഖ്യാപിച്ചത്.

മലയാളികളായ ദിനേശ് കുമാരൻ നായർ(42)ക്ക് 64 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ (രണ്ടര ലക്ഷം ദിർഹം)യും നിതിൻ ജോയിക്കും ജോർദാൻ സ്വദേശി ഒസാമ മഹ്മൂദ്(59)യ്ക്കും 25 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം ദിർഹം) വീതവും ലഭിച്ചു.

ബിഗ് സ്പിനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതിൻ ജോയിയെ കേരളത്തിൽ നിന്ന് ബിഗ് ടിക്കറ്റ് അധികൃതർ അബുദാബിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഇദ്ദേഹത്തിന് വിമാന ടിക്കറ്റുകൾ നൽകുകയും അബുദാബിയിൽ താമസം ഒരുക്കുകയും ചെയ്തിരുന്നു. ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നും നിതിൻ പറഞ്ഞു.

120451 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കൊണ്ടുവന്നത്. ലഭിച്ച തുക കടങ്ങൾ വീട്ടുന്നതിനും മസ്തിഷ്കാർബുദ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സഹായിക്കുന്നതിനുമായി ഉപയോഗിക്കും. കഴിഞ്ഞ 16 വർഷമായി അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന എൻജിനീയറായ ദിനേശ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി ആറംഗ സംഘത്തോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. സമ്മാനത്തുക വായ്പകൾ തീർക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ പ്രിന്റി്ങ് പ്രസ്സ് നടത്തുന്ന ഒസാമ ലഭിച്ച സമ്മാനത്തുക ബിസിനസ് വായ്പകൾ തീർക്കാൻ വിനിയോഗിക്കുമെന്ന് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article