ഗൾഫിലും ഹോർമുസിലും ആക്രമണം ശക്തിപ്പെടുത്തി ഇറാൻ: താൻ മുമ്പേ പറഞ്ഞതാണെന്ന് ട്രംപ്

News Desk
2 Min Read

വാഷിങ്ടൺ: യുദ്ധം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലും പരിസരത്തും കപ്പലുകൾക്ക് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങൾ ഏറ്റവും ഉയർന്ന നിരക്കിലെത്തി നിൽക്കുകയാണ്. ബഹ്റൈനിലേക്കുള്ള ആക്രമണങ്ങളും ശക്തിപ്പെട്ടു.

ഹോർമുസിൽ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കുറഞ്ഞത് 25 ടാങ്കറുകൾ ആക്രമിക്കപ്പെട്ടു. ഇതിനെത്തുടർന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ വിതരണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചുവെന്ന് അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും അതിനുശേഷം ഇറാൻ ആക്രമണം ശക്തിപ്പെടുത്തിയ സാഹചര്യമാണുള്ളത്.

സൈനിക നടപടി അമേരിക്ക നിർത്തിവെച്ചെങ്കിലും അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കുന്നുണ്ട്. തന്റെ രാജ്യം ഒരു ‘നിശ്ശബ്ദ സാമ്പത്തിക യുദ്ധം’ നേരിടുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാൻ ആക്രമണം ശക്തിപ്പെടുത്തിയവേളയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

നാവിക ഉപരോധമടക്കമുള്ള നടപടികളും യുദ്ധവും പൂർണ്ണമായും അവസാനിപ്പിച്ചില്ലെങ്കിൽ, മേഖലയിലെ അമേരിക്കയുടെ സഖ്യകക്ഷികൾ നടപടികളുടെ ആഘാതം തുടർന്നും നേരിടേണ്ടിവരുമെന്ന സന്ദേശമാണ് പുതിയ നീക്കത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നാണ് സൂചന. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്മേൽ സമ്മർദ്ദം ചെലുത്താൻ അറബ് സർക്കാരുകളെ പ്രേരിപ്പിച്ചേക്കാനുള്ള നീക്കമാണ് ഇറാൻ നടത്തിവരുന്നത്.

അതേസമയം ഇറാൻ ആക്രമണകാരികളാകുമെന്ന് താൻ മുന്നേ പ്രവചിച്ചിരുന്നതായി അവകാശപ്പെട്ടുകൊണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചതിന്റെ പ്രത്യാഘാതമാണ് ഇതെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ ചൂണ്ടിക്കാട്ടുകയുണ്ടായി. ഓഹരി വിപണിയിലുമുണ്ടായ ഇടിവിന് കാരണവും ഇതുതന്നെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘നവംബർ 3-ലെ ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാൻ രണ്ട് കാര്യങ്ങൾ പ്രവചിച്ചിരുന്നത് എല്ലാവർക്കും ഓർമ്മയുണ്ടാകുമല്ലോ. ഒന്നാമതായി, ഡെമോക്രാറ്റുകൾ വിജയിച്ചാൽ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടാകുമെന്ന് ഞാൻ പറഞ്ഞിരുന്നു – അതുതന്നെയാണ് സംഭവിച്ചത്. രണ്ടാമതായി, ഇതുവരെ 81,000 പ്രതിഷേധക്കാരെ കൊലപ്പെടുത്തിയ ഇറാൻ തങ്ങളുടെ ആക്രമണങ്ങളിൽ കൂടുതൽ തീവ്രത കൈവരിക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നു – അതും സംഭവിച്ചിരിക്കുന്നു’ ട്രംപ് കുറിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഒരു വർഷത്തിനിടയിൽ ഉണ്ടായതിനേക്കാൾ കൂടുതൽ ഡ്രോണുകളും മിസൈലുകളും ഇറാൻ വിക്ഷേപിച്ചു, എന്നാൽ യുഎസ് പ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണിയെ നിർവീര്യമാക്കിയെന്നും ട്രംപ് പറഞ്ഞു.

‘ഇറാനിയൻ നേതാക്കൾ ഡെമോക്രാറ്റുകളെ ദുർബലരും, കാര്യക്ഷമതയില്ലാത്തവരും, രാജ്യത്തെ നശിപ്പിക്കുന്നവരുമായാണ് കാണുന്നത്. എന്നാൽ അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല! എണ്ണവില കഴിയുന്നത്ര കാലം ഉയർന്ന നിലയിൽ നിലനിർത്താൻ ഡെമോക്രാറ്റുകളും ഇറാനും കഠിനമായി ശ്രമിച്ചു. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം എണ്ണവില റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം മനസ്സിലാക്കാതെ പോയത് നിർഭാഗ്യകരമാണ്. എന്തായാലും, ഈ തിരഞ്ഞെടുപ്പ് മൊത്തത്തിൽ വളരെ ‘വിചിത്രമായിരുന്നു’ ട്രംപ് കൂട്ടിച്ചേർത്തു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!