മുംബൈ: ഏഴു വർഷത്തെ പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ മുൻ കാമുകിയുടെ ഫ്ലാറ്റിനു തീയിട്ട യുവാവ് അറസ്റ്റിൽ. ഡോംബിവ്ലിയിലെ പ്രമുഖ റസിഡൻഷ്യൽ മേഖലയിൽ യുവതിയും മാതാപിതാക്കളും താമസിക്കുന്ന ഫ്ലാറ്റിന്റെ മുൻവാതിലിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാർ ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ദീപേഷ് റസ്തോഗി എന്ന യുവാവിനെയാണ് മൻപാഡ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴു വർഷമായി യുവതിയും പ്രതിയായ ദീപേഷ് റസ്തോഗിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അടുത്തിടെ ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതോടെ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിക്കുകയും ഇക്കാര്യം യുവാവിനെ അറിയിക്കുകയും ചെയ്തു. വേർപിരിയൽ അംഗീകരിക്കാൻ കഴിയാതിരുന്ന പ്രതി, വ്യാഴാഴ്ച യുവതിയുടെ ഫ്ലാറ്റിലെത്തി പ്രധാന വാതിലിൽ പെട്രോൾ ഒഴിച്ചു തീയിടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
തീ പടർന്നതോടെ കുടുംബാംഗങ്ങൾ പരിഭ്രാന്തരായെങ്കിലും ഉടൻ ഇടപെട്ട് തീ അണയ്ക്കാൻ സാധിച്ചു. തീ വീടിനുള്ളിലേക്ക് പടരാതിരുന്നതിനാൽ യുവതിയും മാതാപിതാക്കളും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കുടുംബത്തെ ഒന്നാകെ അപായപ്പെടുത്താൻ പ്രതി ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
