വാഷിങ്ടൻ: പേർഷ്യൻ ഗൾഫിനു മുകളിലൂടെ പറന്ന അമേരിക്കയുടെ എഫ് 16 യുദ്ധവിമാനത്തിനു തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വഴി കേടുപാടുകൾ വരുത്തിയെന്ന ഇറാൻ സൈന്യത്തിന്റെ അവകാശവാദം അമേരിക്ക പൂർണമായും തള്ളി.
വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തെത്തുടർന്ന് യുഎസ് വിമാനം മേഖലയിലെ ഒരു വ്യോമതാവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തത്.
ഹോർമുസ് കടലിടുക്കിനു സമീപം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇറാൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫിസ് ശനിയാഴ്ച പ്രസ്താവന പുറത്തിറക്കിയത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമപ്രതിരോധ സംവിധാനം പേർഷ്യൻ ഗൾഫിനു മുകളിൽ യുഎസ് എഫ് 16 വിമാനത്തെ കണ്ടെത്തുകയും മിസൈൽ തൊടുത്തുവിടുകയുമായിരുന്നുവെന്ന് ഇറാൻ പറയുന്നു.
വിമാനത്തിനു സമീപം മിസൈൽ പൊട്ടിത്തെറിച്ചതായും, ഇതേത്തുടർന്ന് ദൗത്യം ഉപേക്ഷിച്ച പൈലറ്റ് അടുത്തുള്ള വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയെന്നുമാണ് ഇറാന്റെ വാദം. എന്നാൽ വിമാനം ഇറങ്ങിയത് ഏത് താവളത്തിലാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.
ഇറാന്റെ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇന്നലെ ഒരു യുഎസ് എഫ്-16 യുദ്ധവിമാനത്തെ ആക്രമിച്ച് കേടുപാടുകൾ വരുത്തിയെന്നും അടിയന്തര ലാൻഡിങ്ങിനു നിർബന്ധിതമാക്കിയെന്നുമുള്ള ഇറാന്റെ ഐആർജിസി അവകാശവാദം തെറ്റാണ്. ഇറാൻ യുഎസ് യുദ്ധവിമാനത്തെ ആക്രമിച്ചിട്ടേയില്ല. പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കൻ യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നും സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
