വാഷിങ്ടൻ: വാർത്താവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അമേരിക്കയിലുടനീളം എല്ലാ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) നിർത്തിവച്ചു.
റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ പ്രശ്നങ്ങളാണ് വിമാനങ്ങൾ നിലത്തിറക്കാൻ കാരണമായതെന്ന് എഫ്എഎ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയുമാണ് വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ വിമാനത്താവളങ്ങൾക്കിടയിൽ വിമാനങ്ങളെ നിയന്ത്രിക്കുന്ന റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയാണ് ആശയവിനിമയ തകരാർ ബാധിച്ചതെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. സാങ്കേതിക വിദഗ്ധർ പ്രശ്നം പരിശോധിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
2023 ജനുവരിയിൽ എഫ്എഎയുടെ പ്രധാന കംപ്യൂട്ടർ സംവിധാനം തകരാറിലായതിനുശേഷം രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. അതിനുമുമ്പ്, 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷമാണ് അമേരിക്കയിൽ ഇത്തരമൊരു നടപടിയുണ്ടായത്.
അതേസമയം, സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമങ്ങളോ സൈബർ ആക്രമണങ്ങളോ ഉള്ളതായി ഇതുവരെ സൂചനകളൊന്നുമില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ അറിയിച്ചു. ഇതൊരു സാധാരണ ടെലികമ്യൂണിക്കേഷൻ തകരാർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
