ഭക്ഷണം കഴിക്കുന്നതിനിടെ കറിയെച്ചൊല്ലി തർക്കം; മുൻ സൈനികനെ ഭാര്യ കുത്തിക്കൊന്നു

News Desk
1 Min Read

അഹമ്മദാബാദ്: അത്താഴത്തിന് തയ്യാറാക്കിയ കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അഹമ്മദാബാദിൽ മുൻ കരസേന ഉദ്യോഗസ്ഥനെ ഭാര്യ അടുക്കളക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. നരോദ സ്മാർട്ട് സിറ്റി-2 ലെ വസതിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഗുജറാത്ത് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ കരാർ ഡ്രൈവറായി ജോലി ചെയ്തിരുന്ന ദിലീപ് ഖരാഡി (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നിർമല ഖരാഡിയെ (34) നരോദ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. അത്താഴത്തിന് തയ്യാറാക്കിയ പച്ചക്കറിക്കറിയെക്കുറിച്ച് ദിലീപ് ചോദിച്ചതോടെയാണ് ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കുതർക്കം രൂക്ഷമായതോടെ നിർമ്മല അടുക്കളയിൽനിന്ന് കത്തിയെടുത്ത് ദിലീപിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഉടൻതന്നെ ദിലീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബ-സാമ്പത്തിക വിഷയങ്ങളിൽ ഇരുവരും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് നരോദ പൊലീസ് ഇൻസ്‌പെക്ടർ ബി.എം കത്താരിയ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ നിർമല തന്നെ ദിലീപിന്റെ സഹോദരൻ മുകേഷിനെ ഫോണിൽ വിളിച്ച് കുത്തിയ വിവരവും അബോധാവസ്ഥയിലായ ദിലീപിനെ ഷാൽബി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അറിയിക്കുകയായിരുന്നു.

തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് മുകേഷ് പിതാവായ സോമാജി ഖരാഡിയെ വിവരം അറിയിക്കുന്നത്. രാജ്‌കോട്ട് സിറ്റി പൊലീസിലെ വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറാണ് സോമാജി ഖരാഡി.

ആശുപത്രിയിലെത്തിയ ബന്ധുക്കളോട് ദിലീപ് മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ദിലീപിന്റെ നെഞ്ചിന്റെ ഇടതുഭാഗത്തുള്ള ആഴത്തിലുള്ള മുറിവിന് പുറമെ കവിളിലും കൈത്തണ്ടയിലും വിരലുകളിലും പരിക്കേറ്റ പാടുകൾ ഉണ്ടായിരുന്നതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു. 2022-ലാണ് ദിലീപ് സൈന്യത്തിൽനിന്ന് വിരമിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!