റിയാദ്: ഹൂതി ആക്രമണം പ്രതിരോധിക്കുന്നതിനിടെ മക്ക ഹറമിന് 45 കി.മി അകലെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. സബൂഹയിലാണ് മിസൈൽ ഭാഗം പതിച്ചത്. രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമങ്ങളാണ് പുലർച്ചെ പ്രതിരോധിച്ചത്.
കഴിഞ്ഞ ദിവസത്തെ ശാന്തതക്ക് ശേഷം സൗദിക്ക് നേരെ വീണ്ടും ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു ഹൂതികൾ. ഇന്നലെ രാത്രി മക്ക പ്രവിശ്യ ഉൾപ്പടെയുള്ള പ്രദേശങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണശ്രമങ്ങൾ. റിയാദ്, യാമ്പു, കിഴക്കൻ പ്രവിശ്യ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളും ലക്ഷ്യമിട്ടു. ആക്രമണങ്ങളെല്ലാം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.
റിയാദ് വിമാനത്താവളം ഉൾപ്പെടെ വീണ്ടും ലക്ഷ്യം വച്ചതായി ഹൂത്തികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ റിയാദിലേക്ക് ഇന്നലെ എത്തിയ മിസൈലുകൾ എല്ലാം തടഞ്ഞതായാണ് സൗദിസേന അറിയിച്ചത്.
അതേസമയം, സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സൗദി സിവിൽ ഡിഫൻസ് കുറ്റപ്പെടുത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
