പ്രവാസികളെ ‘പൊള്ളിച്ച്’ ഇന്ധന വില വർധന; യുഎഇയിൽ പെട്രോൾ വില ഇന്ത്യയേക്കാൾ ‘കൂടുതൽ’

News Desk
2 Min Read

അബുദാബി: എണ്ണ ഉൽപാദക രാജ്യമായ യുഎഇയിൽ പെട്രോൾ വില ഇന്ത്യയിലേതിനേക്കാൾ ഉയർന്നു. ഇതോടെ ജീവിത ചെലവും വർധിക്കും. ഒക്ടോബർ 1 മുതൽ സൂപ്പർ 98 പെട്രോൾ ലീറ്ററിന് 4.40 ദിർഹമായി. ഇന്നലത്തെ വിനിമയനിരക്കു പ്രകാരം ഏകദേശം 115 രൂപ വരും. കൊച്ചിയിൽ ഇന്നലെ ഒരു ലീറ്റർ പെട്രോളിന് 113.66 രൂപയായിരുന്നു. അതായത് യുഎഇയിലെ സൂപ്പർ 98ന് കൊച്ചിയിലേതിനേക്കാൾ ലീറ്ററിന് ഏകദേശം 1.30 രൂപ കൂടുതൽ.

പുതിയ നിരക്ക് നിലവിൽ വന്നതോടെ യുഎഇയിൽ പെട്രോൾ-ഡീസൽ വില ലീറ്ററിന് 4 ദിർഹം കടന്നു. സെപ്റ്റംബറിൽ 3.80 ദിർഹമായിരുന്ന സൂപ്പർ 98-നാണ് ഒറ്റയടിക്ക് 60 ഫിൽസ് വർധന. സ്പെഷൽ 95ന് 4.28 ദിർഹവും ഇ-പ്ലസ് 91ന് 4.21 ദിർഹവുമാണ് നിരക്ക്.

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വിലയിലെ വ്യത്യാസം കൂടുതൽ ശ്രദ്ധേയമാകുന്നത് യുഎഇ എണ്ണ ഉൽപാദക രാജ്യമായതിനാലാണ്. എന്നാൽ ഇരു രാജ്യങ്ങളിലെയും ഇന്ധനവില നിശ്ചയിക്കുന്ന രീതിയും നികുതിയും വിപണി ഘടനയും വ്യത്യസ്തമാണ്. ഇന്ത്യ അസംസ്കൃത എണ്ണയുടെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും പമ്പിലെ അന്തിമ വിലയിൽ നികുതികൾ ഉൾപ്പെടെ വിവിധ ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നു.

ഇതേസമയം ഇന്നലെ തന്നെ ഫുൾ ടാങ്ക് നിറച്ച് വില വർധനയിൽനിന്ന് താൽക്കാലിക രക്ഷ നേടാനായി പല പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ചിലയിടങ്ങളിൽ ഒരു മണിക്കൂറിലേറെ കാത്തുനിന്ന ശേഷമാണ് ഇന്ധനം നിറയ്ക്കാനായത്. 2022ന് ശേഷം ആദ്യമായാണ് യുഎഇയിൽ പെട്രോൾ വില വീണ്ടും 4 ദിർഹം കടക്കുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് 2022 ഫെബ്രുവരിയിലാണ് ആദ്യമായി ഈ പരിധി മറികടന്നത്. 2022 ജൂലൈയിലായിരുന്നു ഇതിന് മുൻപത്തെ ഏറ്റവും ഉയർന്ന നിരക്ക്. അന്ന് സൂപ്പർ 98ന് 4.63 ദിർഹവും സ്പെഷൽ 95ന് 4.52 ദിർഹവുമായിരുന്നു.

മധ്യപൂർവദേശത്തെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള എണ്ണവില ഉയരാൻ കാരണമായതായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടി.ദീർഘദൂരം ദിവസേന യാത്ര ചെയ്യുന്നവരെയും സ്ഥിരമായി വാഹനം ഉപയോഗിക്കുന്ന കുടുംബങ്ങളെയുമാണ് വിലവർധന നേരിട്ട് ബാധിക്കുക.

ഉദാഹരണത്തിന്, 60 ലീറ്റർ ടാങ്ക് നിറയ്ക്കുമ്പോൾ സൂപ്പർ 98 ഉപയോഗിക്കുന്നവർക്ക് സെപ്റ്റംബറിലെ നിരക്കിനെക്കാൾ 36 ദിർഹം അധികം നൽകണം. സ്പെഷൽ 95ന് 35.40 ദിർഹവും ഇ-പ്ലസ് 91ന് 36 ദിർഹവുമാണ് അധിക ചെലവ്. ഇന്ധന ടാങ്കിന്റെ വലിപ്പമനുസരിച്ച് മൂന്നും നാലും ഇരട്ടിയോളമാകും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!