ദുബൈ: ദുബൈയില്‍നിന്ന് ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബൈ വിമാനത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു.
ഇന്നലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ടെല്‍ അവീവിലെ ബെന്‍ ഗുറിയന്‍ വിമാനത്താവളത്തിലേക്ക് പോയ എഫ്ഇസഡ്1073 വിമാനത്തിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് ഫ്‌ലൈദുബൈ അറിയിച്ചു.
വിമാനത്തിന്റെ കോക്പിറ്റില്‍ ജീവനക്കാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഫ്‌ലൈദുബൈ ജീവനക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയ ശേഷം വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്‌ലൈദുബൈ അറിയിച്ചു. യാത്രക്കാരുടെ യാത്ര പൂര്‍ത്തിയാക്കുന്നതിനായി രണ്ട് പകരം വിമാനങ്ങള്‍ തബൂക്കിലേക്ക് അയച്ചതായും കമ്പനി വ്യക്തമാക്കി.
സംഭവത്തില്‍ വിമാനത്തിലെ ചില ജീവനക്കാര്‍ക്ക് പരുക്കേറ്റതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇവരെ സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് അന്വേഷണം തുടരുകയാണെന്നും ഏജന്‍സി വ്യക്തമാക്കി. അന്വേഷണഫലം പുറത്തുവരുന്നതിന് മുമ്പ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് ഫ്‌ലൈദുബൈയുമായുള്ള ടെല്‍ അവീവ് കോഡ്‌ഷെയര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സും അറിയിച്ചു. ടെല്‍ അവീവാണ് അന്തിമ ലക്ഷ്യമെങ്കില്‍ യാത്രക്കാരെ പുറപ്പെടുന്ന വിമാനത്താവളത്തില്‍നിന്ന് യാത്രയ്ക്കായി സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഇതിനകം യാത്രയിലായ യാത്രക്കാരുടെ യാത്ര പൂര്‍ത്തിയാക്കുന്നതിനുള്ള സഹായം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ഫ്‌ലൈദുബൈയുടെ ഇസ്രായേല്‍ സര്‍വീസുകള്‍ ഒഴികെയുള്ള ശൃംഖലയില്‍ മറ്റ് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളെ സംഭവം ബാധിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. അന്വേഷണത്തിനിടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് ഇസ്രായേല്‍ സര്‍വീസുകള്‍ പുനഃപരിശോധിക്കുമെന്നും ഫ്‌ലൈദുബൈ വ്യക്തമാക്കി.
വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടതിനെക്കുറിച്ച് നേരത്തെ വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും സംഭവത്തിന്റെ യഥാര്‍ഥ കാരണവും സാഹചര്യങ്ങളും ഔദ്യോഗിക അന്വേഷണത്തിലാണ്. ഫ്‌ലൈദുബൈയും യുഎഇ വ്യോമയാന അധികൃതരും സ്ഥിരീകരിക്കാത്ത നിഗമനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
