ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന തുടര്‍ച്ചയായ ലൈംഗികാതിക്രമങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. തലസ്ഥാന മേഖലയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ക്രൂരമായ പീഡനക്കേസുകളില്‍, 2012-ലെ നിര്‍ഭയ സംഭവത്തെ വേദനയോടെ അനുസ്മരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.
ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഓടുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം 2012-ലെ നിര്‍ഭയ ദുരന്തത്തിന് സമാനമായ വേദനയുണര്ത്തുന്നതാണെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഡല്‍ഹി സ്വരൂപ് നഗറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ച സംഭവവും ഓടുന്ന ബസിലെ പീഡനവുമടക്കം മാധ്യമ വാര്‍ത്തകള്‍ പരിഗണിച്ചാണ് കോടതിയുടെ അടിയന്തര ഇടപെടല്‍.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തവും ബാധ്യതയും ഉറപ്പാക്കുകയാണ് അടിയന്തരമായി വേണ്ടതെന്നും വ്യക്തമാക്കിയ കോടതി, വിഷയം സമഗ്രമായി പരിശോധിക്കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്കി. അടിസ്ഥാനപരമായ പൊതുസുരക്ഷ ഉറപ്പാക്കുന്നതില്‍ നിയമപാലകരും ഭരണസംവിധാനങ്ങളും നേരിട്ട സമ്പൂര്‍ണ്ണ പരാജയമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്. ഭരണപരമായ വീഴ്ചകള്‍ പരിഹരിക്കാന്‍ കൃത്യമായ ആക്ഷന്‍ പ്ലാന്‍ ആവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഭയരഹിതമായി അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച വാഹനം തടയാന്‍ പോലും പോലീസിന് സാധിച്ചില്ലെന്നത് ഞെട്ടിക്കുന്ന വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിര്‍ഭയ സംഭവത്തിന് ശേഷം രാജ്യത്തെ വ്യവസ്ഥാപിത നിയമപാലന സംവിധാനങ്ങള്‍ക്ക് അര്‍ഥവത്തായ എന്തെങ്കിലും പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന കാതലായ ചോദ്യമാണ് ഈ സംഭവങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍ തെരുവുകള്‍, പാര്‍ക്കുകള്‍, ബസുകള്‍, മെട്രോ സ്റ്റേഷനുകള്‍, സബ്വേകള്‍, കാല്‍നട മേല്‍പ്പാലങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ വെളിച്ചക്കുറവ്, നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, പോലീസ് പട്രോളിംഗിന്റെ പോരായ്മ എന്നിവ കാരണം സ്ത്രീകള്‍ക്ക് വലിയ അപകടമേഖലകളായി മാറാന്‍ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ക്രൂരമായ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഭരണാധികാരികളും ജനപ്രതിനിധികളും വെറും ആശങ്കയും ഐക്യദാര്‍ഢ്യവും മാത്രം പ്രകടിപ്പിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കോടതി വിമര്‍ശിച്ചു. ഉത്തരവാദിത്തം നിശ്ചയിക്കാതെയുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങള്‍ ഭരണസംവിധാന പരാജയങ്ങള്‍ക്ക് ഉത്തരമാകില്ലെന്നും ഈ സാമൂഹിക വിപത്തിന് അതൊരു പരിഹാരമല്ലെന്നും ജസ്റ്റിസ് പര്‍ദിവാല നിരീക്ഷിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
