നിയമസഭാ കൈയാങ്കളി കേസ്; 11 വർഷത്തിനുശേഷം വിചാരണ നടപടികൾ തുടങ്ങുന്നു

News Desk
1 Min Read

തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച നിയമസഭാ കയ്യാങ്കളി കേസിൽ 11 വർഷത്തിനുശേഷം വിചാരണ നടപടികൾ ആരംഭിക്കുന്നു. തിരുവനന്തപുരം സിജെഎം (CJM) കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസിലെ പ്രതികൾ സുപ്രീംകോടതി വരെ നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്.

2015 മാർച്ച് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും നാണക്കേടുണ്ടാക്കിയ കൈയാങ്കളി നടന്നത്. കേസിൽ ആദ്യഘട്ടമായി രണ്ട് സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നവംബർ മൂന്നിനാണ് സാക്ഷിവിസ്താരം ആരംഭിക്കുന്നത്.

സംഭവം നടന്ന സമയത്തെ നിയമസഭാ സെക്രട്ടറിയായിരുന്ന ശാരങ്കധരൻ, സഭയിലെ ദൃശ്യങ്ങൾ പകർത്തിയ ഡിവിആർ (DVR) കോപ്പി ചെയ്ത എൻജിനീയർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക. കേസിൽ മുൻമന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള പ്രമുഖർ പ്രതിപ്പട്ടികയിലുണ്ട്. സംഭവം നടക്കുമ്പോൾ എൽഡിഎഫിലായിരുന്ന സിപിഐ നേതാവും കേസിലെ ഒന്നാം പ്രതിയുമായ കെ. അജിത്ത് ഇപ്പോൾ ബിജെപിയിലാണ് പ്രവർത്തിക്കുന്നത്.

നിലവിൽ ബിജെപിയിലും സിപിഐയിലുമൊക്കെയായി വിവിധ പാർട്ടികളിൽ ഉള്ളവരാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് കെ. സന്തോഷ് കുമാറിനെ നിയമിച്ചിട്ടുണ്ട്. കേസിന്റെ വിചാരണയും വിധിയും നിലവിൽ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന നേതാക്കളുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!