സഊദി ജുബൈൽ ഇന്ത്യൻ സ്‌കൂൾ മലയാളി പൂർവ്വ വിദ്യാർത്ഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരണപ്പെട്ടു
ദമാം: ബാംഗ്ലൂരിൽ നടന്ന റോഡപകടത്തിൽ എറണാകുളം സ്വദേശിയായ മലയാളി വിദ്യാർത്ഥി ദാരുണമായി മരിച്ചു. ജുബൈൽ ഇന്ത്യൻ എംബസി സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ അർമാൻ (22) ആണ് അപകടത്തിൽ മരണപെട്ടത്. ബെല്ലുള്ളി ക്രോസ് നിക്കൂ 8 ഹോംസിന് സമീപം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
അർമാനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇന്നോവ ക്രിസ്റ്റ കാർ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അർമാൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്തുജയന്തി കോളജിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷം സ്വകാര്യ കോളജിൽ തുടർപഠനം നടത്തിവരികയായിരുന്നു അർമാൻ.
അപകടവിവരമറിഞ്ഞ് അർമാന്റെ പിതാവ് സിറാജ് നാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചു. ക്യാൻസർ ബാധിതയായ മാതാവ് രണ്ടുമാസങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. ഏക മകൻ ആയിരുന്നു.
പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും, തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും. അർമാന്റെ മരണത്തിൽ ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകരും സുഹൃത്തുക്കളും ഏറെ നൊമ്പരത്തിലാണ്. സ്കൂൾ അദ്ധ്യാപകൻ സനൽ മാഷ് സാമൂഹിക മാധ്യമത്തിൽ കുറിച്ചിട്ട വരികൾ ഏവരെയും കണ്ണീരണിയിക്കും. കുറിപ്പ് വായിക്കാം 👍
*വിടപറയാൻ ഇത്ര തിടുക്കമെന്തായിരുന്നു അർമാൻ…😢😢😢😢*
അധ്യാപകരുടെ ജീവിതത്തിൽ മറക്കാനാകാത്ത ചില മുഖങ്ങളുണ്ട്. വർഷങ്ങൾ കഴിഞ്ഞാലും
ആ വിളിയും ചിരിയും നെഞ്ചിൽ തന്നെ കാണും. ഞങ്ങൾക്ക് അങ്ങനെയൊരാളായിരുന്നു അർമാൻ.
സ്‌കൂളിലെ ഇടനാഴികളിലൂടെ
“സാറേ…” എന്ന ആത്മാർത്ഥത നിറഞ്ഞ സ്നേഹത്തോടെ ഓടിയെത്തുന്ന അർമാന്റെ മുഖമാണ് മനസ്സിൽ മുഴുവൻ.
അധ്യാപകരുടെയും കൂട്ടുകാരുടെയും നെഞ്ചിൽ സ്നേഹം കൊണ്ട് ഇടംപിടിച്ച പ്രിയപ്പെട്ടവൻ.
എപ്പോഴും ചുറ്റുമുള്ളവർക്ക് സന്തോഷം മാത്രം നൽകിയിരുന്ന,
ഒരുപാട് സ്നേഹമുള്ള ഒരു കുട്ടി.
ചില മാസങ്ങൾക്ക് മുമ്പാണ് അർമാന്റെ ഉമ്മ വിട്ടുപിരിഞ്ഞത്.
ആ വേർപാടിന്റെ വേദനയിൽ നിന്ന് സിറാജ് സാഹിബ് കരകയറി വരുന്നതേയുണ്ടായിരുന്നുള്ളൂ.
ആ ഓർമ്മകളുടെ നിഴലിൽ നിന്ന് മകനെ ചേർത്തുപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമ്പോഴാണ്, വിധിയുടെ ദയയില്ലാത്ത ഈ ക്രൂരത.
ഒരേയൊരു മകന്റെ വേർപാട്,
സിറാജ് സാഹിബ് എന്ന ആ നല്ല മനുഷ്യന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
അദ്ദേഹത്തിന്റെ മുഴുവൻ വെളിച്ചവും സന്തോഷവുമാണ്, ബാംഗ്ലൂരിൽ ഇന്ന് ഒരു ബൈക്ക് അപകടത്തിന്റെ രൂപത്തിൽ മാഞ്ഞുപോയത്.
അധ്യാപകർ എന്ന നിലയിൽ ഞങ്ങളുടെ ഉള്ളവും പിടയുകയാണ്.
ക്ലാസ് മുറികളിലും സ്‌കൂൾ മുറ്റത്തും അവൻ ബാക്കി വെച്ചുപോയ ആ ഓർമ്മകളും ചിരിയും എങ്ങനെ മറക്കാനാണ്?
സ്നേഹം മാത്രം തന്നുപോയ പ്രിയപ്പെട്ട അർമാൻ,
നിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം…
ഈ കഠിനമായ വേദന സഹിക്കാനുള്ള കരുത്ത് പടച്ചവൻ സിറാജ് സാഹിബിന് നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു…🙏_
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
