ഇന്ത്യൻ വിമാനക്കമ്പനികള്‍ നിലപാട്‌ മാറ്റണം: ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെ എം സി സി

മുഹമ്മദ്‌ കല്ലിങ്ങൽ
1 Min Read

ജിദ്ദ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ സഊദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉണ്ടായ പ്രയാസകരമായ അവസ്ഥയിൽ പ്രവാസികളുടെ യാത്ര സുഗമമാക്കാൻ മുന്നിൽ നിൽക്കേണ്ട ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ കൂട്ടത്തോടെ നിർത്തിവെച്ച നടപടിയിൽ ജിദ്ദ – കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആഘോഷവേളകളിൽ ടിക്കറ്റ് നിരക്ക് പരമാവധി വർദ്ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇന്ത്യൻ വിമാനക്കമ്പനികൾ, പ്രവാസികൾ പ്രയാസത്തിലാകുന്ന ഘട്ടത്തിൽ തികച്ചും ഉത്തരവാദിത്തമില്ലാതെ കൈവിട്ട നടപടി പൊറുക്കാനാവാത്തതാണെന്നും പ്രസ്തുത നിലപാട് അവര്‍ തിരുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രവാസികളോട് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്ന വിമാനക്കമ്പനികളെ പ്രവാസി സമൂഹം ഒന്നടങ്കം ബഹിഷ്കരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു. അതേസമയം, ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടുതൽ സർവീസുകൾ ആരംഭിച്ച് പ്രവാസികൾക്ക് തണലായ സഊദി വിമാനക്കമ്പനികളായ സഊദി എയര്‍ലൈന്‍സ്, ഫ്ലൈ നാസ് എന്നിവയെ യോഗം പ്രത്യേകം അഭിനന്ദിച്ചു. പ്രയാസങ്ങളിൽ കൂടെനിൽക്കുന്ന വിമാനക്കമ്പനികൾക്കൊപ്പം എന്നും പ്രവാസികൾ നിലകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

ഷറഫിയ്യ ഇലാറ ഓഡിറ്റോറിയത്തിൽ നടന്ന യോഗം മലപ്പുറം ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ എം സി സി പ്രസിഡന്റ് ഷാജഹാൻ പൊന്‍മള അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി.കെ കുഞ്ഞൂട്ടി, കുഞ്ഞാലി കുമ്മാളിൽ, സാബിർ വളാഞ്ചേരി, അൻവർ പൂവല്ലൂർ, ഹനീഫ ചാപ്പനങ്ങാടി, ഷരീഫ് കൂരിയാട്, അഹമ്മദ് കുട്ടി, ആബിദ് തയ്യിൽ, നാസർ സി. എച്ച്, ഷംസുദ്ദീന്‍ കുറ്റിപ്പുറം, നാസർ എം. ടി, സുബൈർ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു കോട്ടക്കല്‍ സ്വാഗതവും ട്രഷറര്‍ സൈനുദ്ദീന്‍ കോടഞ്ചേരി നന്ദിയും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!