‘സുപ്രധാന രേഖ’യ്ക്ക് കാത്തിരിപ്പ് ഒഴിവാക്കാം: ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി എംബസിയും കോൺസുലേറ്റും

News Desk
1 Min Read

അബുദാബി: ജോലിത്തിരക്ക് കാരണം പ്രവൃത്തി ദിവസങ്ങളിൽ പാസ്‌പോർട്ട് വാങ്ങാൻ കഴിയാത്ത യുഎഇയിലെ ഇന്ത്യക്കാർക്ക് ആശ്വാസമായി പുതിയസൗകര്യം. അൽഹിന്ദ് ഗ്ലോബൽ സർവീസസിന്റെ കീഴിലുള്ള രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ഐസിഎസി) ഞായറാഴ്ച കൗണ്ടർ പ്രവർത്തിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഞായറാഴ്ച കൗണ്ടറിന്റെ പ്രവർത്തനം.

നേരത്തെ അപേക്ഷിച്ച് തയാറായ പാസ്‌പോർട്ട് വാങ്ങാനാണ് സൗകര്യം. പുതിയ അപേക്ഷകൾ ഞായറാഴ്ച സ്വീകരിക്കില്ല. അടിയന്തര യാത്രയ്ക്കോ വീസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ ഔദ്യോഗിക നടപടികൾക്കോ പാസ്‌പോർട്ട് ആവശ്യമായവർക്ക് കുറിയർ കാത്തിരിക്കാതെ അവധി ദിവസം നേരിട്ട് വാങ്ങാം.

ജൂലൈ 22ന് സേവനങ്ങൾ ആരംഭിച്ചതോടെ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പൂർണമായും തീർത്തതായി അൽഹിന്ദ് അറിയിച്ചു. ഇപ്പോൾ 16 കേന്ദ്രങ്ങളിലും അപ്പോയ്ന്റ്മെന്റുകൾ ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ കേന്ദ്രങ്ങൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും.

അപ്പോയ്ന്റ്മെന്റ് സ്ലോട്ടുകൾ ദിവസവും രാവിലെ 9നും രാത്രി 9നും ഓൺലൈനായി ലഭ്യമാക്കും. തത്കാൽ അപേക്ഷകർ, 60 വയസ്സിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, നവജാത ശിശുക്കളുടെ അപേക്ഷകർ, അടിയന്തര സർട്ടിഫിക്കറ്റ് അപേക്ഷകർ എന്നിവർക്ക് നിബന്ധനകൾക്ക് വിധേയമായി വാക്ക്-ഇൻ സൗകര്യമുണ്ട്. പാസ്‌പോർട്ട്, വീസ, ഇന്ത്യൻ രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കൊപ്പം അപേക്ഷ പൂരിപ്പിക്കൽ, ഫോട്ടോ, ഫോട്ടോകോപ്പി, കുറിയർ തുടങ്ങിയ അടിസ്ഥാന സഹായങ്ങളും കേന്ദ്രങ്ങളിൽ ലഭിക്കും. ഇവ ഉൾപ്പെടെ സഹായ സേവനങ്ങൾക്ക് 19ദിർഹമാണ് നിരക്ക്. ബർദുബായ് കേന്ദ്രത്തിൽ 45 കൗണ്ടറുകളുണ്ട്. അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാൻ ഇടനിലക്കാരെ ആശ്രയിക്കേണ്ടെന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും മുന്നറിയിപ്പ് നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!