റിയാദ്: സഊദി അറേബ്യയില്‍ നിക്ഷേപ രംഗത്ത് സ്ത്രീകള്‍ക്ക് ചരിത്രപരമായ മുന്നേറ്റം. രാജ്യത്ത് സ്ത്രീകളുടെ പേരിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു. ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം 35.4 ആയി ഉയര്‍ന്നു. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി സര്‍ക്കാര്‍ നല്കുന്ന ശക്തമായ പിന്തുണയാണ് ഈ വലിയ മാറ്റത്തിന് കാരണം.
സൗദി സമ്പദ്വ്യവസ്ഥയില് സ്ത്രീകള്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നതായാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. 2017 അവസാനത്തില്‍ സ്ത്രീകള്‍ക്കായുള്ള കച്ചവട ലൈസന്‍സുകളുടെ എണ്ണം 87,600 മാത്രമായിരുന്നു. നിക്ഷേപ നിയമം കൂടുതല്‍ സുതാര്യമായതോടെ ഈ രംഗത്തേക്ക് കൂടുതല്‍ വനിതകള്‍ വന്നു.
ഇന്ന് സൗദിയില്‍ എല്ലാ ദിവസവും ഏകദേശം 300 പുതിയ ബിസിനസുകള്‍ സ്ത്രീകള്‍ സ്വന്തമായി തുടങ്ങുന്നു എന്നാണ് റിപോര്‍ട്ട്. 2025 അവസാനത്തെ കണക്കനുസരിച്ച് സൌദിയില്‍ സ്ത്രീകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണം 7,29,300 ആയി ഉയര്‍ന്നു. ഇത് രാജ്യത്തെ ആകെ ബിസിനസുകളുടെ 43 ശതമാനത്തോളം വരും. വലിയ ബിസിനസുകളും ഇടത്തരം സംരംഭങ്ങളും സ്ത്രീകള്‍ക്കിടയില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു.
നിര്‍മ്മാണ രംഗം, കച്ചവടം, ഭക്ഷണശാലകള്‍ തുടങ്ങിയ മേഖലകളിലാണ് സ്ത്രീകള്‍ പ്രധാനമായും ബിസിനസ് ചെയ്യുന്നത്. പുതിയതായി എടുക്കുന്ന കച്ചവട ലൈസന്‍സുകളില്‍ ഏതാണ്ട് പകുതിയും ഇപ്പോള്‍ സ്ത്രീകളുടെ പേരിലാണ്. തൊഴില്‍ രംഗത്തും വലിയ മാറ്റമാണ് ഉണ്ടായത്. ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം 35.4 ആയി ഉയര്‍ന്നു.
വിഷന്‍ 2030 ലക്ഷ്യമിട്ട ശതമാനത്തേക്കാള്‍ വളരെ മുന്നിലാണ് ഈ വളര്‍ച്ച. ഉയര്‍ന്ന ഉദ്യോഗങ്ങളിലും മാനേജര്‍ സ്ഥാനങ്ങളിലും ഇപ്പോള്‍ ധാരാളം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗദി സര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായങ്ങളും ‘മന്ശാത്ത്’ പോലുള്ള സ്ഥാപനങ്ങളുടെ പിന്തുണയുമാണ് ഈ വലിയ വിജയത്തിന് പിന്നിലുള്ള പ്രധാന കാരണം.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
